തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന സഞ്ചാരികൾ പ്രധാനമായും സന്ദർശിക്കുന്ന ഒരു സ്ഥലമുണ്ട്. പക്ഷേ നമ്മൾ ഇന്ത്യക്കാർക്ക് പലപ്പോഴും ഈ സ്ഥലം അത്ര പരിചിതമല്ല. ചരിത്രം ചില ചട്ടക്കൂടുകളിലേക്ക് ഒതുങ്ങിയപ്പോൾ മൺമറഞ്ഞു പോയ ഇന്ത്യൻ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അവശേഷിപ്പുകളിൽ ഒന്നാണ് കുശിനാര. ശ്രീബുദ്ധൻ മരണമടഞ്ഞ സ്ഥലം എന്ന രീതിയിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കുശിനാര. പുരാതന കാലഘട്ടത്തിൽ പാലി എന്നും അറിയപ്പെട്ടിരുന്ന കുശിനാര ഇപ്പോൾ കുശിനഗർ എന്ന പേരിലാണ് രാജ്യത്ത് അറിയപ്പെടുന്നത്. ഉത്തർപ്രദേശിൽ ആണ് ഈ മഹത്തായ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ബുദ്ധന്റെ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു നിർവാണ സ്തൂപവും മഹാപരിനിർവാണ ക്ഷേത്രവും സ്ഥിതിചെയ്യുന്ന കുശിനാര ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ വളരെ പരിപാവനമായി കരുതുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്. നിലവിൽ ബുദ്ധമതവിശ്വാസികൾ കൂടുതലായി കാണപ്പെടുന്ന തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് വർഷംതോറും കുശിനാര സന്ദർശിക്കുന്നത്.
ബുദ്ധമതവിശ്വാസം അനുസരിച്ച് കുശ രാജാവ് ഭരിച്ചിരുന്ന സ്ഥലം ആയിരുന്നു കുശിനാര. മറ്റൊരു വിശ്വാസം ഈ പ്രദേശത്ത് സമൃദ്ധമായി കാണപ്പെടുന്ന കുശ് എന്ന ഒരിനം പുല്ലിന്റെ പേരിൽ നിന്നുമാണ് ഈ പ്രദേശത്തിന് കുശിനാര എന്ന പേര് ലഭിച്ചത് എന്നാണ്. മധ്യകാലഘട്ടത്തിൽ ഈ പ്രദേശം കലചൂരി രാജാക്കന്മാരുടെ അധീനതയിലായിരുന്നു . പിന്നീട് 12-ാം നൂറ്റാണ്ടിലെ ഇസ്ലാമിക അധിനിവേശത്തിന് ശേഷം ഈ നഗരം ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലേക്ക് മാറി. പിന്നീട് ബ്രിട്ടീഷുകാർ അടക്കമുള്ള വൈദേശിക ശക്തികൾ ഇന്ത്യ കീഴടക്കിയ ശേഷം നടത്തപ്പെട്ട ചില പര്യവേഷണങ്ങളിലാണ് മൺമറഞ്ഞു കിടന്നിരുന്ന കുശിനാര പുതിയ ചരിത്രത്തിന്റെ ഭാഗമായി തെളിഞ്ഞുവന്നത്.
1876 – 77 കാലഘട്ടത്തിലായി എസിഎൽ കാർലീലിന്റെ മേൽനോട്ടത്തിൽ ഈ പ്രദേശത്ത് നടത്തിയ ഖനനത്തിൽ ഏറെ പ്രാധാന്യമുള്ള മഹാനിർവാണ സ്തൂപത്തിന്റെയും ശയിക്കുന്ന രൂപത്തിലുള്ള ബുദ്ധന്റെ പ്രതിമയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തപ്പെട്ടു . 6.1 മീറ്റർ നീളമുള്ള ഒറ്റ ശിലയിൽ തീർത്ത ബുദ്ധ പ്രതിമയാണ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ചെരിഞ്ഞു കിടക്കുന്ന നിലയിലുള്ള ശ്രീബുദ്ധന്റെ ഈ ശില്പമാണ് മഹാപരിനിർവാണ ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. 1956 ലാണ് ബുദ്ധജയന്തിയുടെ 2500-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മഹാപരിനിർവാണ ക്ഷേത്രവും നിർവാണസ്തൂപവും ഇന്നത്തെ രൂപത്തിലേക്ക് വികസിപ്പിക്കപ്പെട്ടത്.
ഗൗതമ ബുദ്ധന്റെ മരണസ്ഥലമായി പറയപ്പെടുന്ന നിർവാണ സ്തൂപം കുശിനാരയിലെ മഹാപരിനിർവാണ ക്ഷേത്രത്തിന് തൊട്ടുപിറകിലാണ് സ്ഥിതി ചെയ്യുന്നത്. നിർവാണ ചൈത്യ എന്നും അറിയപ്പെടുന്ന ഈ സ്തൂപത്തിന് 2.74 മീറ്റർ ഉയരമാണുള്ളത്. ശ്രീബുദ്ധന്റെ ചിതാഭസ്മവും അവശിഷ്ടങ്ങളും ഈ സ്തൂപത്തിൽ അടക്കം ചെയ്തിട്ടുണ്ട് എന്ന് സ്തൂപത്തിന്റെ ഭിത്തിയിലായി കാണപ്പെടുന്ന ബ്രാഹ്മി ലിഖിതത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ബുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്ന നിലയിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള കുശിനാരയിലേക്ക് ഇന്ന് നിരവധി തീർത്ഥാടകരും വിനോദസഞ്ചാരികളും ആണ് എത്തിച്ചേരുന്നത്.
Discussion about this post