ഈദ് ആഘോഷം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലേക്ക് ഓടിയെത്തുക നല്ല രുചികരമായ മട്ടൻ ബിരിയാണി ആയിരിക്കുമല്ലേ. എന്നാൽ അതു മാത്രം പോരല്ലോ, ആഘോഷം പൂർണ്ണമാവണമെങ്കിൽ അല്പം മധുരവും കഴിക്കണ്ടേ ? അപ്പോൾ ഇത്തവണ ഈദ് ആഘോഷിക്കാൻ വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ മാമ്പഴ പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം. സാധാരണ പുഡ്ഡിംഗുകളിൽ നിന്നും അല്പം വ്യത്യസ്തമായി തേങ്ങാപ്പാൽ ചേർത്താണ് നമ്മുടെ ഈദ് സ്പെഷ്യൽ മാമ്പഴ പുഡ്ഡിംഗ് ഉണ്ടാക്കുന്നത്.
മാമ്പഴ പുഡ്ഡിംഗ് തയ്യാറാക്കുന്നതിന് വേണ്ടി ഇടത്തരം വലുപ്പമുള്ളതും നന്നായി പഴുത്തതുമായ 3 മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കിയ ശേഷം ഒരു മിക്സിയുടെ ജാറിലോ ബ്ലെൻഡറിലോ ഒരു മിനിറ്റ് അടിച്ചെടുക്കണം. തുടർന്ന് ഈ മാമ്പഴ പൾപ്പ് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഈ പൾപ്പ് ചേർത്ത ശേഷം കൂടെ ഒരു കപ്പ് തേങ്ങാപ്പാൽ, അരക്കപ്പ് പഞ്ചസാര എന്നിവ ചേർത്ത് ചെറിയ തീയിൽ തുടരെ ഇളക്കിഎടുക്കണം. ഈ കൂട്ട് തിളച്ചു തുടങ്ങുമ്പോൾ
ഒരു കപ്പ് കസ്റ്റാർഡ് പൗഡറിൽ അരക്കപ്പ് പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുത്ത മിശ്രിതം ഇതിലേക്ക് ചേർത്തു കൊടുക്കാം. തുടരെ ഇളക്കി പത്തോ പതിനഞ്ചോ മിനിറ്റോളം സമയം ചെറിയ തീയിൽ വേവിച്ചെടുക്കണം. തുടർന്ന് കട്ടിയായ പുഡ്ഡിംഗ് മിശ്രിതം നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം നന്നായി തട്ടി കുമിള കളഞ്ഞ് എടുക്കണം. മിശ്രിതം തണുത്ത ശേഷം ഫ്രിഡ്ജിൽ വച്ച് അഞ്ചോ ആറോ മണിക്കൂർ സമയമെങ്കിലും തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
Discussion about this post