റാഞ്ചി: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ടയുമായി സുരക്ഷാ സേന. 12 കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നടത്തിയ നിർണായക നീക്കത്തിലൂടെയാണ് കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനത്തിൽ സുരക്ഷാ സേന വലിയ നേട്ടം സ്വന്തമാക്കിയത്.
ബിജാപൂരിലെ വനമേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാസേന. എന്നാൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മണിക്കൂറുകളോളമാണ് പ്രദേശത്ത് ഏറ്റുമുട്ടൽ തുടർന്നത്. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. ഇവർ ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ നിരവധി കമ്യൂണിസ്റ്റ് ഭീകരർ രക്ഷപ്പെട്ടതായാണ് സുരക്ഷാസേന അറിയിക്കുന്നത്. ഇവർ തെലങ്കാനയിലേക്ക് ആന്ധ്രയിലേക്കോ കടന്നിരിക്കാമെന്നും സുരക്ഷാസേന വ്യക്തമാക്കുന്നു.
ഇതേസമയം ഈ വർഷം ഇതുവരെ 100 കമ്യൂണിസ്റ്റ് ഭീകരരെ ആണ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വധിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയാണ് ഇത്.
Discussion about this post