കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ ഉരുള്‍പൊട്ടൽ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 67 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ചാലിയാറിൽ നിലമ്പൂർ ഭാഗത്ത് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഒരു പുരുഷൻ്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത നിലയിലാണു മൃതദേഹമുള്ളത്. പോത്തുകൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചാലിയാർ പുഴയിൽനിന്ന് ആറ് മൃതദേഹങ്ങൾ ലഭിച്ചു.
ഉരുൾ പൊട്ടലിന് പിന്നാലെ പോത്തുകൽ ചാലിയാർ പുഴകളിൽ ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്. ഉരുൾപൊട്ടലിൽ ചാലിയാറിൽ ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിലേക്ക് വലിയ വേഗത്തിൽ വെള്ളം ഇരച്ചെത്തുകയാണ്. അതേസമയം ചാലിയാറിനു പുറമെ ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ഉയരുകയാണ്.
അതേസമയം മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.
Discussion about this post