പത്തനംതിട്ട: കേരളത്തിലെ മലയോരങ്ങളിൽ ഒറ്റപ്പകൽ-രാത്രി മഴകളുടെ തീവ്രത ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ഇത് വയനാട്ടിലെ ചൂരൽമലയിലേതുപോലുള്ള സമാനദുരന്തങ്ങൾ ആവർത്തിക്കുന്നതിന് കാരണമാകുമെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ എന്ന കാലാവസ്ഥാ ഗവേഷകരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ആഗോള താപനഫലമായ കനത്ത മഴ വയനാട് ഉരുൾപൊട്ടലിന്റെ തീവ്രത 10% വർധിപ്പിച്ചതായി കാലാവസ്ഥാ ഗവേഷകരുടെ രാജ്യാന്തര സംഘടനയുടെ പഠനം പറയുന്നു. മലയാളികൾ ഉൾപ്പെടെ ലോകത്തെ 24 പ്രമുഖ ശാസ്ത്രജ്ഞർ കഴിഞ്ഞ ഒരാഴ്ച കൊണ്ടു നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തൽ. വയനാട് ദുരന്തത്തെപറ്റി പുറത്തു വരുന്ന ആദ്യ പഠനമാണിത്.
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇവയെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതിക ഇടപെടൽ നടത്തണം. 1952 നും 2018 നും ഇടയിൽ വയനാട്ടിലെ വനം 62% കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി. ഇവിടെ പ്രവർത്തിക്കുന്ന പാറമടകളെപ്പറ്റിയും മറ്റും ഉൾപ്പെടെ വയനാടിനെപ്പറ്റി 29 പേജുള്ള സമഗ്ര ശാസ്ത്രീയ പഠന റിപ്പോർട്ട് സംഘടന പ്രസിദ്ധീകരിച്ചു.
കേരളത്തിലെ മലയോര പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയുടെ തോത് പഴയ രീതിയിലല്ല ഇനി അളക്കേണ്ടത്. മുന്നറിയിപ്പ് രക്ഷാ സംവിധാനങ്ങൾ ഇതനുസരിച്ച് ഏറെ മെച്ചപ്പെടണം. ഖനന നിർമാണ വനനശീകരണ ജോലികൾ നിയന്ത്രിക്കണമെന്നും ലണ്ടനിലെ ഇംപീരിയൽ കോളജ് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് പരിസ്ഥിതി കാലാവസ്ഥാ മാറ്റ വിഭാഗം ഗവേഷകയും മലയാളിയുമായി മറിയം സക്കറിയ പറഞ്ഞു.
മുൻ വർഷത്തേതിലും മഴയുടെ തീവ്രത കൂടുതലാണ്.ലോകമെങ്ങും വർധിക്കുന്ന കാർബൺ പുറന്തള്ളലിന്റെ ഫലമായി സമുദ്രോപരിതലം അസാധാരണമായി ചൂടായി മേഘങ്ങൾ അമിതജലം കുടിച്ചു വീർത്ത് ‘ജലബോംബു’കളായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥ മാറ്റവും ചൂടു കൂടുന്നതിന്റെ തിരിച്കടിയും കേരളം ഏറ്റു വാങ്ങുകയാണ്. ചൂടാകുന്ന വെള്ളത്തിലെ നീരഖവി മൺ സൂൺ ആയി കേരളത്തിൽ പെയ്തിറങ്ങുകയാണ്. വരും വർഷങ്ങളിൽ ഈ പ്രതിഭാസം കൂടി ചിലപ്പോൾ ഇരട്ടിയിലും അധികം മഴ നിരക്ക് ഉയരും എന്നും പറയുന്നു. ആഗോള താപനം ശരാശരി 1.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇത് 2 ഡിഗ്രി ആകുന്നതോടെ വിനാശ മഴയുടെ സാധ്യത പത്തിൽ നിന്ന് 14 % ആയി ഉയരുമെന്നും ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിൽ അംഗമായ സംഘടന മുന്നറിയിപ്പു നൽകുന്നു.
Discussion about this post