കീവ്: യുദ്ധത്തിൽ രക്തസാക്ഷികളായ കുട്ടികൾക്കായി നിർമ്മിച്ച സ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുക്രൈയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയോടൊപ്പമാണ് മോദി യുദ്ധ സ്മാരകത്തിലെത്തിയത്. യുക്രൈയ്ൻ ചരിത്ര മ്യൂസിയത്തിലെ സ്മാരകത്തിലാണ് ഇരുനേതാക്കളും ആദരമർപ്പിച്ചത്. പോളണ്ടിൽ നിന്നും തീവണ്ടിമാർഗം യുക്രൈയ്നിലെത്തി മണിക്കൂറുകൾക്ക് ശേഷമാണ് സന്ദർശനം. ഹസ്തദാനത്തിന് ശേഷം ഇരുനേതാക്കളും പരസ്പം ആലിംഗനം ചെയ്തു. ആറാഴ്ച മുൻപ് റഷ്യ സന്ദർശിച്ചപ്പോഴും നരേന്ദ്രമോദി പ്രസിഡന്റ് വ്ളോഡിമർ പുടിനെ ആലിംഗനം ചെയ്തിരുന്നു.
‘യുദ്ധം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ചെറിയ കുട്ടികളെയാണ്. ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ഹൃദയം. വേർപാടിന്റെ ദുഃഖം താങ്ങാനുള്ള ശക്തി അവർക്കുണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.’ -സ്മാരകത്തിൽ ആദരമർപ്പിച്ച ശേഷം മോദി എക്സിൽ കുറിച്ചു. യുക്രൈയ്നിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിലും മോദി ആദരമർപ്പിച്ചു. ഗാന്ധിയുടെ ആദർശങ്ങൾ സാർവത്രികമാണെന്നും ലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയേകുന്നതാണെന്നും മോദി വ്യക്തമാക്കി.
സോവിയറ്റ് യൂണിയനിൽ നിന്ന് 1991 ൽ യുക്രൈയ്ൻ സ്വതന്ത്ര്യമായതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നത്.യുക്രൈയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കടുത്ത ആശങ്കയറിയിച്ചിരുന്നു. ഒരു പ്രശ്നവും യുദ്ധഭൂമിയിൽ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post