തൃശ്ശൂർ: ഓണക്കാലം ആയതോടെ സംസ്ഥാനത്തിന്റെ തീരമേഖലകളിൽ പരിശോധന ശക്തം. കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ കടലിൽ പരിശോധന നടത്തി. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം ആയിരുന്നു അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ്, തീരദേശ പോലീസ് എന്നിവരുടെ സംയുക്ത സംഘവും കൊടുങ്ങല്ലൂർ എക്സൈസ് സർക്കിളിലെ ഓഫീസർമാരും ചേർന്ന് കടലിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തേക്ക് കടൽ വഴി മദ്യവും മയക്കുമരുന്നും അടക്കം എത്താറുണ്ട്. ഇത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.
കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് പരിശോധന നടത്തിയത്. കടലിലുള്ള മത്സ്യബന്ധന യാനങ്ങളും പോലീസ് പരിശോധിച്ചു. അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്നും കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ ആണ് പ്രധാനമായും പരിശോധിച്ചത്.
ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹന പരിശോധനയുൾപ്പെടെ എക്സൈസ് കർശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് ലഹരി എത്തിക്കാൻ കടൽമാർഗ്ഗം കള്ളക്കടത്തുകാർ സ്വീകരിച്ചേക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് കടൽ മാർഗ്ഗം ലഹരിയെത്താൻ സാദ്ധ്യത.
Discussion about this post