സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ. വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. മധ്യ ബെയ്റൂട്ടിൽ ഇസ്രായേൽ സൈനത്തിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ളയെ നേരിടാൻ ലബനനിലേക്കു കരമാർഗം നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് 8 സൈനികർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം. നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാന്റെ തിന്മയുടെ അച്ചുതണ്ടിനെതിരായ കഠിനയുദ്ധത്തിലാണ്. നമ്മൾ ഒരുമിച്ച് വിജയിക്കും അനുശോചന വീഡിയോയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ അറിയിച്ചു.
ഇസ്രായേലുമായി കരയുദ്ധം ആരംഭിച്ചതായും, അതിർത്തി മേഖലയിലെ മറൂൺ എൽ റാസിൽ മൂന്ന് ഇസ്രായേലി യുദ്ധടാങ്കുകൾ തകർത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കുമെന്നാണ് വിവരം.
അതേസമയം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ. ഹമാസിനും ഇറാനും പിന്തുണ നൽകുന്ന അന്റോണിയോ ഗുട്ടെറസിന്റെ സമീപനമാണ് ഇസ്രായേലിന്റെ കടുത്ത എതിർപ്പിന് വഴി വച്ചിരിക്കുന്നത്. ഇതോടെ ഇസ്രായേലും യുഎന്നും തമ്മിലുള്ള ഭിന്നതകൾ പരോക്ഷമായിരിക്കുകയാണ്. ഇസ്രയേലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കാൻ കഴിയാത്ത ആർക്കും, ഇസ്രായേൽ മണ്ണിൽ കാലുകുത്താൻ അർഹതയില്ല എന്നും ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.
Discussion about this post