2025ലെ ആദ്യ ഉൽക്കാവർഷത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. മറ്റ് ഉൽക്കാവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നും ഈ ഉൽക്കാവർഷം കാണാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്ത രണ്ട് ദിവസങ്ങളിലാണ് ഉൽക്കാവർഷം സജീവമാകുക.
ചുരുക്കം മണിക്കൂറിൽ മാത്രം കാണാൻ കഴിയുന്ന ബഹിരാകാശ അത്ഭുതമാണ് ക്വാഡാന്റിഡ്സ് ഉൽക്കാമഴ. എല്ലാ വർഷവും ജനുവരിയിലാണ് ഈ ഉൽക്കാവർഷം ദൃശ്യമാകുക. ഡിസംബർ 27 മുതൽ ദൃശ്യമായിരുന്ന ഈ ഉൽക്കാമഴ വെള്ളി, ശനി ദിവസങ്ങളിൽ അതിന്റെ പാരമ്യത്തിലെത്തുമെന്ന് ശാസ്ത്രലോകം പറയുന്നു. അതിശക്തമായ ജ്വാലയാണ് ക്വാഡാന്റിഡ്സ് ഉൽക്കാ മഴ. അതുകൊണ്ടുതന്നെ ഇവയെ ഭൂമിയിൽ നിന്നും വ്യക്തമായി ഇത് കാണാനാവും.
മണിക്കൂറിൽ 60 മുതൽ 120 വരെ ഉൽക്കകൾ ഈ സമയം കാണാനാവും. ആകാശത്ത് നല്ല ഇരുട്ട് വ്യാപിച്ചിരിക്കുന്ന സമയത്താണ് ഈ ഉൽക്കാവർഷം കാണാനാവുക. അതായത് പ്രാദേശിക സമയം രാവിലെ 3നും 5നും ഇടയിലാണ് ഈ ആകാശദൃശ്യം കാണാനാവുക.
മിക്ക ഉൽക്കാവർഷങ്ങളുടെയും ഉത്ഭവം ധൂമകേതുക്കളിൽ നിന്നുമാണെങ്കിൽ, ക്വാഡാന്റിഡ്സ് ഉൽക്കാ മഴയുടെ ആവിർഭാവം 2003 ഇഎച്ച്1 എന്ന ഛിന്നഗ്രഹത്തിൽ നിന്നുമാണ്. ഇതൊരു ഡെഡ് കോമറ്റ് ആയിരിക്കുമെന്നാണ് നാസ നിഗമനം. ഈ ഉൽക്കാവർഷം 2025 ജനുവരി 16 വരെ തുടരും.
Discussion about this post