വീടുകളിൽ അച്ചറിടാത്ത ആളുകൾ കുറവായിരിക്കും. ചില വീടുകളിലാണെങ്കിൽ പലതരത്തിലുള്ള അച്ചാറുകൾ വീടുകളിൽ ഉണ്ടാക്കി വയ്ക്കാറുണ്ട്. എന്നാൽ, ഉണ്ടാക്കി വക്കുന്ന അച്ചാറുകൾ പെട്ടെന്ന് കേടുവരുന്നത് നമ്മളെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണ്. വിനാഗിരി ഉപയോഗിച്ചാലും ഫ്രിഡ്ജിൽ വച്ചാലും ഈ പ്രശ്നം നേരിടാറുണ്ട്.
എന്നാൽ, ഇനിമുതൽ ഈ ആശങ്കകളൊന്നും കൂടാതെ, ധൈര്യമായി അച്ചാറുണ്ടാക്കാം. ചെറിയ ചില സൂത്രപ്പണികൾ ചെയ്താൽ ഇനി എത്രകാലം വേണമെങ്കിലും അച്ചാർ ഉണ്ടാക്കി സൂക്ഷിച്ചുവക്കാം. ഫ്രിഡ്ജിൽ വക്കേണ്ട കാര്യവുമില്ല.
മാങ്ങ, നാരങ്ങ, നെല്ലിക്ക, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഉൾപ്പെടെ എന്തുവേണമെങ്കിലും അച്ചാറിടാറുണ്ട്. എന്ത് അച്ചാറാണ് ഇടുന്നതെങ്കിലും ഇവ നന്നായി കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം ഇവ വെയിൽ കൊള്ളിച്ച് നന്നായി ഈർപ്പം കളയണം. അച്ചാറിൽ ഈർപ്പം തൊടാത്തത് ആണ് കേടാകാതിരിക്കാൻ നല്ലത്. അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മസാലപൊടികൾ അൽപ്പം എണ്ണയൊഴിച്ച് വറുക്കുന്നത് അച്ചാറിൽ പൂപ്പൽ പിടിക്കാതിരിക്കാൻ സഹായിക്കും.
അച്ചാർ ഇട്ട് കഴിഞ്ഞാൽ ഇത് സൂക്ഷിച്ചുവക്കുന്ന പാത്രം അൽപ്പം പോലും ഈർപ്പം പോലും ഇല്ലാത്തതായിരിക്കണം. ഈ പാത്രം ചൂട് വെള്ളത്തിൽ കഴുകി വെയിലത്ത് വച്ച് ഉണക്കിയതിന് ശേഷം വേണം അച്ചാർ ഇട്ട് വക്കാൻ. അച്ചാർ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂണിനും ഈർപ്പം ഉണ്ടാകാൻ പാടില്ല.
വായ്വട്ടം കൂടിയ ജാറുകളിൽ അച്ചറാർ ഇട്ട് വക്കുന്നതാണ് നല്ലത്. കുപ്പി നിറയുന്ന തരത്തിൽ അച്ചാർ ഇട്ടുവച്ചാൽ, ഇതിലേക്ക് വായു കടക്കുന്നത് ഒഴിവാക്കും. മെറ്റൽ അടപ്പുള്ള കുപ്പികളിൽ അച്ചാർ ഇട്ടുവയ്ക്കാതിരിക്കുക. വിനാഗിരി ഒഴിച്ചുവച്ച അച്ചാറുകളാണെങ്കിൽ ഈ വിനാഗിരി മെറ്റൽ അടപ്പുകളുമായി ചേരുമ്പോൾ രാസപ്രവർത്തണനം ഉണ്ടാവുകയും അച്ചാർ കേടാവുകയും ചെയ്യുന്നു. അച്ചാർ എടുക്കുന്നതിനും മെറ്റൽ സ്പൂണിന് പകരം പ്ലാസ്റ്റിക് സ്പൂണുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
നനവില്ലാത്തതും സൂര്യപ്രകാശം അധികം ഏൽക്കാത്തതുമായ സ്ഥലത്ത് വേണം അച്ചാറുകൾ സൂക്ഷിക്കാൻ. ഒരുപാട് അച്ചാർ ഉണ്ടാക്കി സൂക്ഷിക്കുകയാണെങ്കിൽ ദിവസേനെ എടുക്കുന്നതിനുള്ള അച്ചാർ കുറച്ച് മറ്റൊരു ജാറിലാക്കി എടുത്ത് വക്കുകയും ബാക്കിയുള്ളത് മാറ്റി സൂക്ഷിക്കുകയും ചെയ്യുക. അച്ചാർ കുപ്പി ഇടക്കിടെ തുറന്നാൽ, ഇതിലേക്ക് വായു കയറുകയും അച്ചാർ കേടാകുകയും ചെയ്യും.
Discussion about this post