വിമാനത്താളങ്ങൾ എപ്പോഴും വികാരനിർഭരമായ കാഴ്ച്ചകൾ നിറഞ്ഞതാണ്. കണ്ണീരും സന്തോഷവും ഓരേ ഫ്രൈയിമിൽ കാണാൻ കഴിയുന്ന ഒരിടമാണ് ഇവിടം. പ്രിയപ്പെട്ടവർ നോക്കെത്താ ദൂരത്തേക്ക് പോവുന്നതിന്റെ ഹൃദയം നുറുങ്ങുന്ന കണ്ണീരും തങ്ങളുടെ പ്രിയപ്പെട്ടവരെ നീണ്ട നാളുകൾക്ക് ശേഷം കാണുന്നതിന്റെ അതിരറ്റ സന്തോഷവും ഒരേ സ്ഥലത്ത് വച്ച് നമുക്ക് കാണാനാകും. സങ്കടത്തിന്റെയും സന്തോഷത്തിന്റെയും ആലിംഗനങ്ങൾ ഇവിടെ സാധാരണമാണ്.
എന്നാൽ, ന്യൂസിലാൻഡിലെ ഒരു വിമാനത്താവളത്തിൽ നിങ്ങളുടെ സങ്കടവും സന്തോഷവുമെല്ലാം പങ്കുവയ്ക്കാൻ സമയപരിധിയും സ്ഥലവും നിശ്ചയിച്ചിട്ടുണ്ട്. ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിലുള്ള ഡൺഡിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇങ്ങനെ സമയവും സ്ഥലവും തീരുമാനിച്ചിരിക്കുന്നത്.
ഇൗ വിമാനത്താവളത്തിൽ മൂന്ന് മിനിറ്റ് മാത്രമേ ഡ്രോപ്പ് ഓഫ് സോണിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വൈകാരിക നിമിഷം പാടുള്ളൂ എന്നാണ് നിയമം. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് ഇത്തരം നിയന്ത്രണം വിമാനത്താവളം അധികൃതർ വച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ ആളുകൾ വാഹനങ്ങളിൽ നിന്നും ഇറങ്ങുന്ന ഭാഗങ്ങളിൽ ഇൗ നിർദേശം വ്യക്തമാക്കിക്കൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘പരമാവധി ആലിംഗന സമയം 3 മിനിറ്റ്, വൈകാരികമായ പ്രിയപ്പെട്ടവരുമായുള്ള യാത്രപറച്ചിലുകൾക്കായി കാർപാർക്കിംഗ് ഉപയോഗിക്കുക’ – എന്നാണ് ബോർഡുകളിൽ കുറിച്ചിരിക്കുന്നത്. നിയമം പാലിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Discussion about this post