പാലക്കാട്: ട്രെയിനിൽ വച്ച് കൊലചെയ്യപ്പെട്ട ഷൊർണൂർ സ്വദേശിനി സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷ്(34) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമ്മ മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴായിരുന്നു സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്നതായിരുന്നു സന്തോഷ്. ഉച്ചയായിട്ടും മുറിയ്ക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് അമ്മ സുമതി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ തുറക്കാൻ സാധിച്ചില്ല. പിന്നാലെ പ്രദേശവാസികളെ വിളിച്ച് ചേർത്ത് വാതിൽ പൊളിയ്ക്കുകയായിരുന്നു. അപ്പോഴാണ് അവശനിലയിൽ കണ്ടത്.
ഒറ്റപ്പാലം തഹസിൽദാരുടെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. ഷൊർണൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം സന്തോഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Discussion about this post