മലപ്പുറം; കേടായ ഫോൺ മാറ്റിനൽകാൻ തയ്യാറാകാതെ ഇരുന്ന ഓൺലൈൻ ബിസിനസ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിന് പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃകോടതി. ചെട്ടിപ്പടി നെടുവ അത്താണിയിലെ ചെരിച്ചമ്മൽ മുഹമ്മദ് കോയ എന്നയാളുടെ പരാതിയിലാണ് നടപടി.വാറന്റി കാലാവധിയിൽ തന്നെ ഫോൺ കേടായെങ്കിലും ഫ്ളിപ്കാർട്ട് മാറ്റി നൽകിയില്ലെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി.
ഫ്ളിപ്കാർട്ട് കമ്പനി പരാതിക്കാരന് 25,000 രൂപ നഷ്ട പരിഹാരവും ഫോണിന്റെ വിലയായ 20402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നൽകണമെന്ന് വിധിച്ചത്. കൂടാതെ തകരാറിലായ ഫോൺ പരാതിക്കാരന് തന്നെ ഉപയോഗിക്കാനും വിധിച്ചു.
2023 മാർച്ച് 29നാണ് 20402 രൂപയുടെ ഫോൺ ഫ്ളിപ്കാർട്ട് വഴി പരാതിക്കാരൻ വാങ്ങിയത്. എന്നാൽ കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്ക് ഫോണിന്റെ മൈക്ക് കേടായി. മേയ് 13 ന് അദ്ദേഹം തിരൂരിലെ ഈ ഫോണിന്റെ സർവീസ് സെന്ററിൽ കൊണ്ടുപോയി. എന്നാൽ ഈ ഫോൺ 2021 ഏപ്രിലിൽ ഗുജറാത്തിൽ വിൽപന നടത്തിയതാണെന്നും, വാറന്റി കഴിഞ്ഞെന്നും അതിനാൽ മാറ്റി നൽകാൻ സാധിക്കില്ലെന്നുമായിരുന്നു സർവീസ് സെന്ററിലെ ജീവനക്കാർ പറഞ്ഞത്.തുടർന്ന് അന്ന് തന്നെ ഫ്ളിപ്കാർട്ടിന് പരാതി നൽകി. എന്നാൽ അവർ പ്രശ്നം പരിഹരിക്കാതെ വഞ്ചിച്ചു. ഇതോടെ അദ്ദേഹം ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു.
Discussion about this post