ആലപ്പുഴ: സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ സമ്മേളന വേദി വിട്ട വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ ആലപ്പുഴ വിട്ട വിഎസ് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണുള്ളത്.
തന്റെ ആവശ്യങ്ങളില്‍ നിലപാട് അറിയിക്കാന്‍ ഒന്പതുമണി വരെ പാര്‍ട്ടിക്ക് സമയം നല്‍കിയിട്ടുണ്ട്.മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ തീര്‍പ്പുണ്ടായാല്‍ മാത്രം ആലപ്പുഴയ്ക്കു മടങ്ങും.
ഇതോടെ കേന്ദ്രനേതൃത്വം അനുനയത്തിനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കി.സെക്രട്ടറിയേറ്റിന് ശേഷം നേതാക്കള്‍ വി.എസുമായി സംസാരിക്കും.വി.എസുമായി ചര്‍ച്ച നടത്തുന്നതിന് തടസമില്ലെന്ന് നേതാക്കള്‍ അറിയിച്ചു.ഇത് സംബന്ധിച്ച് കേന്ദ്രനേതാക്കള്‍ രാവിലെ കൂടിയാലോചന നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം അവയ്ലബിള് പിബി യോഗം ചേരും.പിബിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു.
അതേസമയം പാര്‍ട്ടി മടുത്തെന്ന് വി.എസ് വിശ്വസ്തരോട് പറഞ്ഞതായും സൂചനയുണ്ട്. കാത്തുകെട്ടിക്കിടന്നിട്ട് എന്തു കാര്യമാണുള്ളതെന്നും ,പ്രതിപക്ഷ നേതൃസ്ഥാനം വിട്ടൊഴിഞ്ഞേക്കുമെന്നും വി.എസ് പറഞ്ഞതായി വിശ്വസ്തര്‍ അറിയിച്ചു.താന്‍ പാര്‍ട്ടി വിരുദ്ധനാണെങ്കില്‍ എന്തിന് വേദിയില്‍ ഇരിക്കണമെന്ന് വി.എസ് ചോദിച്ചെന്നും വിശ്വസ്തര്‍ പറഞ്ഞു. ഇന്നലെ സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയിരുന്നു. രാത്രി വൈകിയും നടന്ന അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ഇന്നും വി.എസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.
Discussion about this post