അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍, ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു നഷ്ടപരിഹാരത്തെക്കുറിച്ച് പലര്‍ക്കും മതിയായ അറിവില്ല. അതുകൊണ്ടുതന്നെ ഇതിനായി അപേക്ഷിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്.
മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 50,000 രൂപയുമാണ് നഷ്ടപരിഹാരം. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലാണ് അര്‍ഹരായവര്‍ക്ക് ഈ പണം നല്‍കുന്നത്. എന്നാല്‍ അപകടത്തിന് ഇരയാകുന്ന മിക്കവരും ഇതിന് അപേക്ഷിക്കാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ബോധവത്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.
വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ഇതുസംബന്ധിച്ചുള്ള ബോധവത്ക്കരണത്തിനായി കേന്ദ്രത്തിന്റെ പുതിയ നടപടി.
hitan runschemeclaism@gicouncil.in എന്ന വെബ്‌സൈറ്റിലൂടെയാണ് മരിച്ചവരുടെ അവകാശികളും ഗുരുതരമായി പരിക്കേറ്റവരും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കേണ്ടത്. ഇതല്ലാതെ വക്കീല്‍ മുഖാന്തരവും അപേക്ഷ നല്‍കാവുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരം, ചികിത്സാരേഖകള്‍, എഫ്.ഐ.ആറിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം നിര്‍ബന്ധമാണ്.
ഇതിനുപുറമേ പരിക്കേറ്റതിന്റെ രേഖ, മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണസര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്കൊപ്പം നല്‍കണം. അപകടം നടന്ന് ഒരു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. അപകടം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട തഹസില്‍ദാരോ ആര്‍.ഡി.ഒ.യോ ആണ് അപേക്ഷ പരിശോധിക്കുക. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ച് കളക്ടര്‍ ക്ലെയിം തീര്‍പ്പാക്കും. രേഖകള്‍ ശരിയാണെങ്കില്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്യും.
Discussion about this post