ചെന്നൈ: ബന്ധുവിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തമിഴ് നടൻ പൊന്നമ്പലം. വിഷം നൽകി തന്നെ അപായപ്പെടുത്താൻ ബന്ധു ശ്രമിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ് സിനിമകളിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് പൊന്നമ്പലം.
ഭക്ഷണത്തിലും ബിയറിലും തനിക്ക് സ്ലോ പോയിസൺ നൽകിയെന്നാണ് പൊന്നമ്പലത്തിന്റെ വെളിപ്പെടുത്തൽ. വിഷം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. വൃക്കകൾ തകരാറിലായി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. മദ്യപിച്ച് വൃക്ക തകരാറിൽ ആയി എന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ അതല്ല സത്യം. തന്റെ പിതാവിന് നാല് ഭാര്യമാർ ആണ് ഉള്ളത്. ഇതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ മേനേജറായി തനിക്കൊപ്പം കൂടി. ഇയാളാണ് തന്നെ ചതിച്ചത്. എന്നാൽ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നു. ഒരിക്കൽ ബിയറിൽ വിഷം കലർത്തി തനിക്ക് നൽകി. ഇതിന് പിന്നാലെ ഊണിനൊപ്പം നൽകിയ രസത്തിലും വിഷം നൽകി. ഇതോടെയാണ് വൃക്കകൾ തകരാറിൽ ആയത്.
ഇതിന് ശേഷം താൻ മറ്റ് ജോലിക്കാരോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അപ്പോഴാണ് വിഷം നൽകിയ കാര്യം അറിഞ്ഞത്. ഇതെല്ലാം തന്നോടുള്ള അസൂയ കൊണ്ടാണ് ചെയ്തതെന്നും പൊന്നമ്പലം വെളിപ്പെടുത്തി. തമിഴ്മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ് പൊന്നമ്പലം.
Discussion about this post