ഗുരുവായൂർ: നടി മഞ്ജുവാര്യരും സംഘവും അരങ്ങിലെത്തിച്ച് ശ്രദ്ധേയമായ കുച്ചുപ്പുടി നൃത്തനാടക ആവിഷ്‌കാരം രാധേശ്യാമിന്റെ റിഹേഴ്‌സൽ വീഡിയോ പങ്കുവെച്ച് നടി. മഞ്ജുവാര്യരുടെ നൃത്ത ഗുരു കൂടിയായ ഗീത പദ്മകുമാറിന്റെ ആശയത്തിലാണ് രാധേശ്യാം ചിട്ടപ്പെടുത്തിയത്. രാധാകൃഷ്ണ ലീലയുടെ സങ്കൽപത്തിൽ ഒരുക്കിയ രാധേശ്യാം വേദിയിൽ നിറഞ്ഞ കൈയ്യടി നേടിയിരുന്നു.
മഞ്ജുവിന്റെ റിഹേഴ്‌സൽ രംഗങ്ങളാണ് നടി പുറത്തുവിട്ട വീഡിയോയിൽ ഉളളത്. നൃത്തം ചെയ്യുമ്പോൾ ഞങ്ങൾ ക്ഷീണിക്കാറില്ലെന്നും കൂടുതൽ ശോഭിക്കുകയേ ഉളളൂവെന്നും കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. രാധാകൃഷ്ണ പ്രണയത്തിന്റെ മനോഹര ഭാവങ്ങൾ മഞ്ജു സ്വായത്തമാക്കുന്നത് വീഡിയോയിൽ കാണാം.
ഇന്നലെ വൈകിട്ട് പോസ്റ്റ് ചെയ്ത വീഡിയോയും ഇതിനൊപ്പം ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ വീഡിയോയ്ക്ക് മുപ്പതിനായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്.
നൃത്ത ആവിഷ്‌കാരത്തിന്റെ അരങ്ങിലും അണിയറയിലും ഭാഗമായവരെയും മഞ്ജു പരിചയപ്പെടുത്തുന്നുണ്ട്. ജനുവരിയിൽ സൂര്യ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ മഞ്ജുവും സംഘവും ഈ ആവിഷ്‌കാരം അരങ്ങിൽ എത്തിച്ചിരുന്നു.
മഞ്ജുവിനൊപ്പം അന്ന് 15 പേരടങ്ങുന്ന സംഘമാണ് കുച്ചിപ്പുടി നൃത്തനാടക ആവിഷ്‌കാരം വേദിയിലെത്തിച്ചത്. 2013 മുതൽ മഞ്ജുവിന്റെ ഗുരുവാണ് ഗീത പദ്മകുമാർ.
Discussion about this post