മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കപകയാണ് ചിത്രത്തിനെതിരെ ഉയരുന്ന കോപ്പിയടി വിവാദം. പ്രവാസി മലയാളിയായ ജോര്‍ജ് തുണ്ടിപറമ്പിലാണ് ബറോസിനെതിരെ നിയമപോരാട്ടം നടത്തുന്നത്. പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മോഹന്‍ലാല്‍ വാക്കു നല്‍കിയെങ്കിലും അത് പാലിച്ചില്ലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് ജോര്‍ജ് പറഞ്ഞു.
തന്റെ നോവലായ മായയുമായി ചിത്രത്തിന്റെ കഥയ്ക്ക് ബന്ധമുണ്ട് എന്നാണ് ജോര്‍ജിന്റെ ആരോപണം. ജിജോ പുന്നൂസ് എഴുതിയ നോവലാണ് സിനിമയ്ക്ക് ആധാരം എന്നാണ് ബറോസിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ജിജോയാണ് ആദ്യം തിരക്കഥ എഴുതിയത്. തുടര്‍ന്ന് ടി കെ രാജീവ് കുമാര്‍ തിരുത്തല്‍ വരുത്തുകയായിരുന്നു. തന്റെ നോവല്‍ മായയുമായി കഥയ്ക്ക് സാമ്യയുണ്ടെന്നും ഇത് പകര്‍പ്പവകാശ ലംഘനമാണെന്നുമാണ് ജോര്‍ജ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
മൂന്നാഴ്ച മുന്‍പ് മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിരുന്നു എന്ന് ജോര്‍ജ് പറയുന്നു. എന്നാല്‍ ഈ പ്രശ്നത്തേക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നമില്ലെന്നും എന്റെ എതിര്‍പ്പ് നോവലിന്റെ കാര്യത്തിലാണ് എന്നും ഞാന്‍ പറഞ്ഞു. എന്റെ നോവലിന്റെ ഒരു കോപ്പി നല്‍കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. തിരിച്ചുവിളിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതുണ്ടായില്ല. അതിനാലാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ ജോര്‍ജ് ജര്‍മനിയിലാണ് താമസിക്കുന്നത്. 2008ലാണ് ഇദ്ദേഹം മായ എന്ന നോവല്‍ എഴുതുന്നത്. ആഫ്രിക്കന്‍ അടിമയായിരുന്ന കാപ്പിരി മുത്തപ്പനെ തന്റെ ഉടമയായ പോര്‍ച്ചുഗീസുകാരന്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് കൊല്ലും. തുടര്‍ന്ന് ഭൂതമായി മാറിയ അടിമ തന്റെ യജമാനന്‍ തിരിച്ചുവരുന്നതുവരെ അദ്ദേഹത്തിന്റെ നിധി കാക്കുന്നതായാണ് പറയുന്നത്. തന്റെ നോവലില്‍ 18കാരിയായ മായയാണ് നിധിയുടെ അവകാശിയായി കാണിക്കുന്നത്. ഇവര്‍ക്ക് മാത്രമാണ് കാപ്പിരി മുത്തപ്പനെ കാണാനാവുക.
തന്റെ നോവലിന്റെ ഒരു കോപ്പി ഒരു സുഹൃത്തിന് നല്‍കിയിരുന്നു. പിന്നീട് ഇത് ടി കെ രാജീവ് കുമാറിന്റെ കയ്യിലെത്തി എന്നാണ് ജോര്‍ജ് ആരോപിക്കുന്നത്. അടുത്തിടെയാണ് തന്റെ നോവലുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്ന് മനസിലാക്കിയത് എന്നാണ് അദ്ദേഹം പറയുന്നത്.
Discussion about this post