ന്യൂഡൽഹി: ത്രിപുരയിൽ ഉൾപ്പെടെ ബിജെപി നേടിയ ത്രസിപ്പിക്കുന്ന വിജയത്തിൽ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇടത് കുത്തകയിൽ നിന്ന് മോചനം നേടിയ ത്രിപുരയിൽ ബിജെപിയിൽ വിശ്വാസം രേഖപ്പെടുത്തിയതിന് അദ്ദേഹം ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.
ഈ വിജയം വികസനത്തിന്റെ വിജയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ത്രിപുരയിലെ ജനങ്ങൾക്ക് ബിജെപി നൽകിയ വികസനത്തിന്റെ വിജയം. ഒരുമിച്ച് സമൃദ്ധമായ ഒരു ത്രിപുരയ്ക്കായി മുന്നോട്ടുപോകാമെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസനവും അഭിവൃദ്ധിയുമാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ഫലമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച പ്രവർത്തകർക്കും കാര്യകർത്താക്കൾക്കും അമിത് ഷാ അഭിനന്ദനം അറിയിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രജീബ് ഭട്ടാചാർജി തുടങ്ങിയവർക്കും അമിത് ഷാ പേരെടുത്ത് അഭിനന്ദനം രേഖപ്പെടുത്തി.
നാഗാലാൻഡിലെ വിജയത്തിലും അമിത് ഷാ നന്ദി പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ
ചുവടുകൾ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടി കഠിനാധ്വാനം ചെയ്തവരുടെ പ്രയത്‌നത്തെ പ്രശംസിക്കുന്നതായും അദ്ദേഹം കുറിച്ചു. നാഗാലാൻഡിൽ ബിജെപിക്ക് 12 സീറ്റുകളും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് 25 സീറ്റുകളും ലഭിച്ചു.
ത്രിപുരയിൽ 32 സീറ്റുകൾ നേടിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. ബിജെപിയെ തോൽപിക്കാൻ കൈകോർത്ത സിപിഎമ്മും കോൺഗ്രസും 14 സീറ്റുകളിൽ ഒതുങ്ങി. സിപിഎമ്മിന് 11 സീറ്റുകളും കോൺഗ്രസിന് മൂന്ന് സീറ്റുകളുമാണ് ലഭിച്ചത്. ഗോത്രമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ച തിപ്രമോത പാർട്ടിക്ക് 13 സീറ്റുകൾ ലഭിച്ചു.
Discussion about this post