ഛണ്ഡീഗഡ്: പോലീസിനെ ഭയന്ന് ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് രാജ്യം വിടുമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യാതിർത്തികളിൽ സുരക്ഷ ശക്തമാക്കി. അതേസമയം അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്.
പഞ്ചാബിൽ വ്യാപക തിരച്ചിൽ നടത്തിയിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനാൽ ഇയാൾ സംസ്ഥാനംവിട്ടേക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സംശയത്തിന് ബലമേകി അമൃത്പാലിന്റെ കാറും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിലേക്കും പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
നിലവിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ വിമാന മാർഗ്ഗം രാജ്യം വിടുക അസാദ്ധ്യമാണ്. അതിനാൽ റോഡ് മാർഗ്ഗം ഇയാൾ നേപ്പാളിലേക്ക് കടക്കാനാണ് സാദ്ധ്യതയെന്നാണ് പോലീസിന്റെ നിഗമനം. ഇത് തടയാൻ ഉത്തരാഖണ്ഡ് പോലീസാണ് നേപ്പാൾ അതിർത്തിയിൽ കർശന പരിശോധന നടത്തിവരുന്നത്. അതിർത്തി ജില്ലയായ ഉദ്ധം സിംഗ് നഗറിലാണ് വ്യാപക പരിശോധന.
അതേസമയം അമൃത്പാലും കൂട്ടാളികളും രൂപമാറ്റം നടത്താനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് രൂപമാറ്റം വരുത്തിക്കൊണ്ടുള്ള അമൃത്പാലിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. പിടികൂടിയാൽ പുറത്തിറങ്ങാൻ കഴിയാത്ത വിധം അമൃത്പാൽ സിംഗിനെ പൂട്ടാനാണ് പോലീസിന്റെ നീക്കം. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ ഇയാളെ വിശദമായ അന്വേഷണത്തിനായി എൻഐഎയ്ക്ക് കൈമാറും. ദേശീയ സുരക്ഷാ നിയമം ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post