ഗുവാഹട്ടി: അസമിൽ ശക്തമായ ഭൂചലനം. സംഭവത്തിൽ ആളപായമില്ല. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായത്.
വൈകീട്ട് 4.18 ഓടെയായിരുന്നു സംഭവം. അസമിലെ നഗാവിലായിരുന്നു ഭൂചലനം ഉണ്ടായത്. പ്രകമ്പനം സെക്കന്റുകൾ നീണ്ടു നിന്നതായി നാട്ടുകാർ പറഞ്ഞു. ഭൂചലനത്തിൽ പ്രദേശത്തെ വീടുകളിൽ വിള്ളൽ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നഗാവിൽ 26.10 ഡിഗ്രി അക്ഷാംശത്തിനും, 92. 72 ഡിഗ്രി രേഖാംശത്തിനും ഇടയിൽ 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്.
അതേസമയം പെട്ടെന്നുണ്ടായ പ്രകമ്പനം ആളുകളെ പരിഭ്രാന്തരാക്കി. കഴിഞ്ഞ ആഴ്ച തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ 30,000 ത്തോളം ആളുകൾ ആണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ത്യയിലും ഭൂചലനം ഉണ്ടാകുമെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനിടെയായിരുന്നു ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്തിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Discussion about this post