ഗുവാഹട്ടി; ഭർത്താവിനെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതിയുടെ ക്രൂരകൃത്യം വെളിപ്പെടുത്തി അസം പോലീസ്. വിവാഹേതര ബന്ധം സംരക്ഷിക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. ഫ്രിഡ്ജിൽ സൂക്ഷിച്ച മൃതദേഹം ഇവർ കാമുകനുമൊത്ത് അയൽ സംസ്ഥാനമായ മേഘാലയയിലെ ചിറാപുഞ്ചിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
ഡൽഹിയിൽ മാസങ്ങൾക്ക് മുൻപ് നടന്ന ശ്രദ്ധ വാൾക്കർ കൊലപാതകത്തിന് സമാനമായ രീതിയിലുളള കൊലപാതകമാണ് ഇവിടെയും നടന്നത്. ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച പങ്കാളി അഫ്താബ് പിന്നീട് മൃതദേഹത്തിന്റെ ഓരോ ഭാഗങ്ങളായി വീടിന് സമീപത്തെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
വന്ദന കലീത എന്ന യുവതിയാണ് അസമിൽ ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് അമർജ്യോതി ഡേ, ഇയാളുടെ അമ്മ ശങ്കരി ഡേ എന്നിവരെയാണ് വന്ദന കൊലപ്പെടുത്തിയത്. ഗുവാഹട്ടിയോട് ചേർന്ന് കിടക്കുന്ന നൂൺമാത്തിയിലായിരുന്നു സംഭവം. കൊലപാതകം നടന്ന ശേഷം മൂന്ന് ദിവസം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച വന്ദന പിന്നീട് കാമുകനുമൊത്ത് ഇവ ഗുവാഹട്ടിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുളള ചിറാപുഞ്ചിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ച സ്ഥലം വന്ദന തന്നെ അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തു. പോലീസ് ഇവിടെ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അസം പോലീസ് അറിയിച്ചു.
Discussion about this post