ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അവഹേളിക്കുന്ന വിവാദ ഡോക്യുമെന്ററിക്ക് പിന്നാലെ ബിബിസിയുടെ കൂടുതൽ രഹസ്യ അജൻഡകൾ പുറത്ത്. ഭീകരപ്രവർത്തനത്തിനായി സിറിയയിലേക്ക് പോയ ഐഎസ് വധു ഷമീമ ബീഗത്തെ ഇരയായി ചിത്രീകരിക്കുകയും ഇവർ നടത്തിയ ഭീകരപ്രവർത്തനത്തെ വെളളപൂശുകയും ചെയ്യുന്ന ഡോക്യുമെന്ററിയാണ് ചാനൽ പോഡ്കാസ്്റ്റായി പുറത്തുവിട്ടത്. 90 മിനിറ്റ് വരുന്ന ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടനിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
ഷമീമ ബീഗത്തിന്റെ ബ്രിട്ടനിലേക്കുളള മടങ്ങിവരവ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഇവരെ വെളളപൂശിക്കൊണ്ടുളള ഡോക്യുമെന്ററി ബിബിസി പുറത്തുവിടുന്നത്. ഷമീമ ഒരു തീവ്രവാദിയാണെന്നും അതിൽ കൂടുതൽ ദയ അവർ അർഹിക്കുന്നില്ലെന്നും തുറന്നുപറഞ്ഞ് നിരവധി പേർ ബിബിസിക്കെതിരെ രംഗത്തെത്തി. ചാനലിന്റെ സബ്‌സ്‌ക്രിപ്ഷൻ പുതുക്കേണ്ടെന്ന തീരുമാനവും നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.
2015 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം സിറിയയിലേക്ക് ഐഎസിന് വേണ്ടി പോരാടാൻ പോയ യുവതിയാണ് ഷമീമ ബീഗം. 15 വയസുളളപ്പോഴാണ് ഇവർ സിറിയയിലേക്ക് പോയത്. ഇന്ന് 23 വയസുളള ഷമീമ ബ്രിട്ടനിലേക്ക് തിരിച്ചുവരാനുളള ശ്രമത്തിലാണ്. ഈ വിഷയം കോടതിയുടെ പരിഗണനയിലുമാണ്. സുഹൃത്തുക്കളായ കദീസ സുൽത്താന, അമീറ ആബേസ് എന്നിവർക്കൊപ്പമാണ് ഷമീമ ഐഎസിന് വേണ്ടി ഭീകരപ്രവർത്തനം നടത്താൻ പോയത്. സുഹൃത്തുക്കൾ സിറിയിയിൽ കൊല്ലപ്പെട്ടെന്നാണ് വിവരം.
ബംഗ്ലാദേശി വേരുകളുളള യുകെ ദമ്പതികളുടെ മകളായിരുന്നു ഷമീമ. സിറിയയിലേക്ക് പോയതോടെ 2019 ൽ ഇവരുടെ യുകെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയിരുന്നു. ഇതിനിടെ സിറിയിയിൽ ഐഎസ് ഭീകരനായ ഡെച്ച് പൗരനെ ഇവർ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെയാണ് ഷമീമ ഐഎസ് വധുവെന്ന് മുദ്രകുത്തപ്പെട്ടത്. മൂന്ന് വർഷം ഷമീമ ഐഎസിന് വേണ്ടി ഭീകരപ്രവർത്തനം നടത്തിയിരുന്നു.
ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഡോക്യുമെന്ററിയെ ന്യായീകരിക്കുന്ന വിശദീകരണമാണ് ബിബിസി നൽകുന്നത്. ജിഹാദി വധുവായി മാറിയ ശേഷം എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഷമീമ ബീഗം വിശദീകരിക്കുന്നതാണ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ബിബിസിയുടെ വാദം. ഒരു വർഷത്തോളം ഒരു മാദ്ധ്യമപ്രവർത്തക ഷമീമയുമായി നടത്തിയ ആശയവിനിമയമാണ് ഡോക്യുമെന്ററിയിൽ ഉളളതെന്ന് ബിബിസി വിശദീകരിച്ചു. പൊതുതാൽപര്യമുളള അന്വേഷണമാണ് ഡോക്യുമെന്ററിയെന്ന വിചിത്ര വിശദീകരണവും ബിബിസി നൽകുന്നുണ്ട്.
നിലവിൽ വടക്കൻ സിറിയയിലെ അൽ റോജ് ക്യാമ്പിലാണ് ഷമീമ ബീഗം കഴിയുന്നത്. ജയിലിനേക്കാൾ കഷ്ടമാണ് ഇവിടുത്തെ ജീവിതമെന്നും ജയിൽ ശിക്ഷയാണെങ്കിൽ എന്നെങ്കിലും അതിന് അവസാനം ഉണ്ടാകുമെന്ന് കരുതാമെന്നും പക്ഷെ ഇത് അവസാനമില്ലാതെ തുടരുകയാണെന്നും അവർ പറയുന്നുണ്ട്. അവർക്കെതിരായ ജനരോഷത്തെക്കുറിച്ച് ചോദിക്കുമ്പോൾ അത് തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്നും ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ (ഐഎസ്) ജനരോഷമാണെന്നുമാണ് ഷമീമ ചിത്രീകരിക്കുന്നത്.
ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് സർക്കാർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുമെന്നാണ് സൂചന.
Discussion about this post