ഭോപ്പാൽ: പോലീസിനെയും മറ്റ് അന്വേഷണ ഏജൻസികളെയും ആശങ്കയിലാഴ്ത്തിയ ‘അപകട മനുഷ്യനെ’ പിടികൂടി. 40 കാരനായ സർഫറാസ് ആണ് അറസ്റ്റിലായത്. ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും ഇയാൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.
മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഡോറിലെ ചാന്ദൻ നഗറിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ ഇവിടെ താമസിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സർഫറാസിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
2005 മുതൽ 2018 വരെ ഇയാൾ ചൈനയിലും ഹോംങ്കോംഗിലും ജോലി ചെയ്തിരുന്നുവെന്നാണ് പോലീസിന് സർഫറാസിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം. ചൈനീസ് വനിതയെ ആണ് ഇയാൾ വിവാഹം കഴിച്ചിരിക്കുന്നതെന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. ഈ സ്ത്രീയുമായുള്ള വിവാഹ ബന്ധം വേർപെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർഫാറാസ് നാല് തവണ വിവാഹം ചെയ്തിട്ടുണ്ട്. ഇയാളുടെ കുടുംബക്കാരിൽ ചിലർ കുവൈറ്റിലാണെന്ന് വ്യക്തമായിട്ടുണ്ട്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സർഫറാസിന് ഇംഗ്ലീഷും ചൈനീസും നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പോലീസ് അറിയിച്ചു.
2003 ലായിരുന്നു ഇയാൾ ഹോംങ്കോംഗിലെ എംബസ്സി വഴി ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കിയത്. ഇതിന് ശേഷം ഇത് കളഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി 2006 ൽ വീണ്ടും ഇയാൾ അപേക്ഷിച്ചിരുന്നു. ഇയാളുടെ പക്കൽ നിന്നും രാജ്യവിരുദ്ധ രേഖകൾ ഒന്നും തന്നെ പിടിച്ചെടുത്തിട്ടില്ല. എന്നാൽ ചില ബാങ്ക് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ചൈനയിൽ നിന്നും പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയിൽ നിന്നും പരിശീലനം കിട്ടിയ ഒരാൾ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് എൻഐഎയ്ക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഡേയ്ഞ്ചറസ് മാൻ ( അപകട മനുഷ്യൻ) എന്നായിരുന്നു ഇയാളെ സന്ദേശത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസും മദ്ധ്യപ്രദേശ് പോലീസിനെ വിവരം നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഊർജ്ജിത അന്വേഷണം നടത്തിയത്.
മദ്ധ്യപ്രദേശ് സമാധാനത്തിന്റെ ദ്വീപാണെന്ന് നരോത്തം മിശ്ര പറഞ്ഞു. അതിനാൽ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post