തൃശ്ശൂര്‍: വികസനത്തില്‍ കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്ന് പിണറായി സര്‍ക്കാരിനെ ഉപദേശിച്ച് സിപിഐ എംപി സി.എന്‍ ജയദേവന്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഒരുവര്‍ഷം മുമ്പ് നല്കിയ ഫണ്ടുകളുടെ ഫയല്‍പോലും നീങ്ങുന്നില്ല. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. തൃശൂര്‍ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹൈമാസ്റ്റ് വിളക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥന്മാരാണ് ഇപ്പോഴുളളത്. 20 വര്‍ഷം മുമ്പ് ഇതിലും മെച്ചമായിരുന്നു. ഗുജറാത്ത് ഇക്കാര്യത്തില്‍ മാതൃകയാണ്. അവിടെ വ്യവസായമോ സ്ഥാപനമോ തുടങ്ങാന്‍ അപേക്ഷ നല്കിയാല് ഉടന്‍ ലൈസന്‍സ് നല്‍കും. ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കും. അവിടുത്തെ മറ്റ് കാര്യങ്ങള്‍ അറിയാതെയല്ല താനിത് പറയുന്നതെന്നും ലോക്സഭയിലെ സിപിഐയുടെ ഏക എംപി കൂടിയായ ജയദേവന് പറഞ്ഞു. തന്റെ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഭരണകാര്യത്തെക്കുറിച്ച് പറയുന്നത് ഇനിയെങ്കിലും നേരെയാകട്ടെ എന്നു കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post