ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്ന് മീന്‍പിടിക്കാന്‍ വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇനി അനുവാദമില്ല. വിദേശ നിര്‍മിത കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ഇന്ത്യയുടെ അതിര്‍ത്തിയില്‍ വരുന്ന 200 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ഇനി വിദേശനിര്‍മിത മീന്‍പിടിത്ത കപ്പലുകള്‍ക്ക് വിലക്കുണ്ടാകും.
വിദേശ നിര്‍മിത കപ്പലുകള്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തി കടലില്‍ മീന്‍ പിടിക്കുന്നതിന് അനുമതി നല്കുന്ന എല്‍.ഒ.പി. (ലെറ്റര്‍ ഓഫ് പെര്‍മിറ്റ്) സമ്പ്രദായം ഇതോടെ ഇല്ലാതാകും. വിദേശത്തുനിന്ന് കൊണ്ടുവരുന്ന കപ്പലുകള്‍ ഇന്ത്യന്‍ കമ്പനികളുടെ പേരിലാണ് ഇവിടെ പ്രവര്‍ത്തിച്ചുവന്നത്. കപ്പല്‍ മാത്രമല്ല, അതിലെ തൊഴിലാളികളും വിദേശികളായിരുന്നു. പിടിക്കുന്ന മത്സ്യം കടലില്‍ വച്ച് തന്നെ മറ്റ് കപ്പലുകള്‍ക്ക് കൈമാറുന്ന രീതിയുമുണ്ടായിരുന്നു.
മീനാകുമാരി കമ്മിഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, 2014 നവംബര്‍ 12 നാണ് കൃഷിമന്ത്രാലയം എല്‍.ഒ. പി. സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നത്. പുതിയ ഉത്തരവിലൂടെ വിദേശക്കപ്പലുകള്‍ക്ക് അനുമതി നല്കുന്ന ഈ മാര്ഗനിര്ദേശങ്ങളള് റദ്ദാകും. മീനാകുമാരി കമ്മിഷന് റിപ്പോര്‍ട്ട് മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, പുതിയ മത്സ്യനയം രൂപവത്കരിക്കുന്നതിനായി അയ്യപ്പന് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റി വിദേശകപ്പലുകളെ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രധാനമായ പുതിയ തീരുമാനമെടുത്തത്.
തീരുമാനത്തെ മത്സ്യത്തൊഴിലാളികള്‍ സ്വാഗതം ചെയ്യുന്നുണ്ട്. പരമ്പരാഗത തൊഴിലാലികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്.
Discussion about this post