ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ശതകോടീശ്വരന്മാര്. രാജ്യത്തെ നിയമ നിര്‍മാണ സഭയിലെ അംഗങ്ങളായി സ്ഥാനം പിടിച്ച ഇരുനൂറോളം പേരുടെ ആസ്തി 2000 കോടി രൂപയിലേറെയെന്നും റിപ്പോര്‍ട്ട്. ചൈനീസ് വ്യാവസായിക-വാണിജ്യ ലോകത്തെ പ്രമുഖരുള്‍പ്പെടെ അതിസമ്പന്നര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഹുറാന്‍ പുറത്തുവിട്ടത്. പാര്‍ട്ടിയുടെ വാര്‍ഷിക അവലോകന യോഗത്തിന് മുന്നോടിയായി അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഹുറാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഷാന്‍ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമമായ ഹുറാനാണ് ഇക്കാര്യം പുറത്തുവിട്ടത്.
ദാരിദ്ര നിര്‍മാര്‍ജനവും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി പാര്‍ട്ടി നേതൃത്വം സമ്മേളനം ചേര്‍ന്നപ്പോള്‍ ചര്‍ച്ചയായതും പാര്‍ട്ടിയിലെ അതിസമ്പന്നരുടെ സാന്നിദ്ധ്യമാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ചൈനിസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിലും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലും അംഗങ്ങളായ 209 അംഗങ്ങളുടെ വ്യക്തിഗത ആസ്തി മാത്രം 2000 കോടിയിലേറെ വരും. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷിയോമിയുടെ സിഇഒ ലിയെ ജുന് അടക്കമുള്ള വ്യവസായ ഭീമന്മാര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടില്‍ ആധിപത്യമുറപ്പിച്ചതായും ഹുറാന്‍ പുറത്തുവിട്ട രേഖകളിലുണ്ട്. സ്കാന്ഡിനേവിയന് രാജ്യമായ സ്വീഡന്, യൂറോപ്യന്‍ രാജ്യങ്ങളായ പോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ ഉയര്‍ന്നതാണ് ഇവരുടെ ആസ്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായ ബോ സിലായിയുടെ പിന്‍ഗാമികള്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഹുറാന്‍ പുറത്തുവിട്ട രേഖകള്‍.
Discussion about this post