ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ രണ്ടുമാസം നീണ്ട നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് വിരാമമായി. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആണ് ഇന്നലെ പൂര്‍ത്തിയായത്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 11നു നടക്കും.
അതേസമയം അഞ്ചു സംസ്ഥാനങ്ങളിലേയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നു വൈകിട്ട് ആറുമണിക്കുശേഷം പുറത്തുവരും.
ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന അവസാനഘട്ട വോട്ടെടുപ്പില്‍ 60% പോളിങ് നടന്നു. 403 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആകെ വോട്ടിങ് ഇതോടെ 61 ശതമാനത്തോടടുത്തു. മണിപ്പൂര്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 86% വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി. 60 അംഗ നിയമസഭയിലേക്ക് ആകെ പോളിങ് 85%. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകമായ യുപിയിലെ തിരഞ്ഞെടുപ്പു ഫലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പു നേരത്തേ പൂര്‍ത്തിയായിരുന്നു. ഫെബ്രുവരി നാലിനു തിരഞ്ഞെടുപ്പു നടന്ന പഞ്ചാബില്‍ പോളിങ് 75%. ഗോവയില്‍ 83 ശതമാനവും. 117 അംഗ പഞ്ചാബ് നിയമസഭയില്‍ ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യത്തിനെതിരെ കോണ്‍ഗ്രസാണു മുഖ്യ പ്രതിരോധമുയര്‍ത്തുന്നത്. 40 അംഗ ഗോവ നിയമസഭയിലേക്കു ഭരണകക്ഷിയായ ബിജെപിക്കെതിരെ വിവിധ സഖ്യങ്ങള്‍ പോരുയര്ത്തി.
രണ്ടിടത്തും ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ പോരാടുന്ന 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കു ഫെബ്രുവരി 15നു നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് 68%.
Discussion about this post