തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളിച്ചു നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് മോശം പരാമര്‍ശം പിന്‍വലിക്കാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
‘വാടക’ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ചേര്‍ന്ന പരാമര്‍ശമല്ല അദ്ദേഹം നടത്തിയതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ബി.ജെ.പിക്കും ശിവസേനക്കും എതിരെ പോരാടുന്നതിന് യു.ഡി.എഫിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് യു.ഡി.എഫ്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകേണ്ട മുഖ്യമന്ത്രിയില്‍ നിന്ന് തെറ്റായ സമീപനമാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
വ്യാഴാഴ്ച സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംഘപരിവാറിനോട് പ്രതിപക്ഷം എത്രമാത്രം സമരസപ്പെട്ടെന്ന് പൊതുജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post