പൂനെ: ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ ഗാന്ധിയന്‍ അണ്ണ ഹസാരെ രംഗത്തെത്തി. വോട്ടിങ് യന്ത്രത്തെ സംശയിക്കുന്നത് പിന്നോട്ട് സഞ്ചരിക്കുന്നതിന് തുല്യമാണെന്ന് ഹസാരെ അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ലോകം മുന്നോട്ട് കുതിക്കുകയാണ്. പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ബുദ്ധിമുട്ടേറിയതും സമയം പാഴാക്കുന്നതുമാണ്. വോട്ടര്‍മാര്‍ക്ക് ദീര്‍ഘനേരം പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ ക്യൂ നില്ക്കേണ്ടിവരും. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്നതിനും മണിക്കൂറുകള്‍ വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളില്‍ ടൊട്ടലൈസര് മെഷീനുകള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും അഭ്യര്‍ഥിച്ചു. ബൂത്ത് അടിസ്ഥാനത്തിലുള്ള ഫലം വ്യക്തമാകാന്‍ ഈ യന്ത്രം സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പിയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന് മായാവതിയും പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് അരവിന്ദ് കെജ്രിവാളും ആരോപണം ഉന്നയിച്ചിരുന്നു.
2011-ല്‍ അരവിന്ദ് കെജ്രിവാളും അണ്ണ ഹസാരെയും ചേര്‍ന്നാണ് ഡല്‍ഹിയില്‍ അഴിമതി വിരുദ്ധ സമരം നടത്തിയത്.
Discussion about this post