ഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് അച്ചടിച്ച പുതിയ 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഒരു 500 രൂപ നോട്ടിന് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കുമിടയിലാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. 2000 രൂപ അച്ചടിക്കുന്നതിന് 3.54നും 3.77നും ഇടയിലാണ് ചെലവ്. മന്ത്രി അര്ജുന് രാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാല്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കുന്നതിന് ചെലവാകുന്ന തുക അടക്കമല്ല ഇത്. അച്ചടി നടന്നുകൊണ്ടിരിക്കുകയായതിനാല്‍ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള മൊത്തം ചെലവ് ഇപ്പോള്‍ കണക്കാക്കാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
2017 ഫെബ്രുവരി 24ലെ കണക്ക് പ്രകാരം രാജ്യത്ത് ഉപയോഗത്തിലുള്ള മൊത്തം നോട്ടുകളുടെ മൂല്യം 11.64 ലക്ഷം കോടിയാണ്. നോട്ട് നിരോധനത്തിനു ശേഷമുള്ള കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ കറന്‍സി ചെസ്റ്റുകള്‍ വഴി 12.44 ലക്ഷം കോടിയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ 10 വരെയുള്ള കണക്കാണിത്. തിരികെ ലഭിച്ച പഴയ 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കുകയും കണക്കെടുക്കുകയും ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്.
2017 ജനവരി നാല് വരെയുള്ള കണക്കു പ്രകാരം രാജ്യത്തുള്ള 2.18 ലക്ഷം എടിഎമ്മുകളില്‍ 1.98 ലക്ഷം എടിഎമ്മുകളും പുതിയ നോട്ടുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പുനക്രമീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള എടിഎമ്മുകളുടെ പുനക്രമീകരണം നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാത്ത എടിഎമ്മുകളുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post