ന്യൂഡൽഹി : ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആണ് വാരണാസി മണ്ഡലത്തിൽ മോദി ഒരു പരാജയമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. വാരണാസിയിൽ ഒന്നും ചെയ്യാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. മോദി ദത്തെടുത്ത ഗ്രാമങ്ങളിൽ പോലും യാതൊരു വികസനവും ഉണ്ടായിട്ടില്ല എന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.
“ഓപ്പറേഷൻ ഗംഗ പദ്ധതിയെ നമാമി ഗംഗ പദ്ധതി ആക്കി മാറ്റിയത് മോദി ചെയ്ത വിഡ്ഢിത്തമാണ്. ഇരുപതിനായിരം കോടി രൂപയാണ് നമാമി ഗംഗ പദ്ധതിക്കായി ചിലവഴിച്ചത്. ഇതെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം ആണ്. ഇത്രയും പണം ചിലവഴിച്ചിട്ടും ഗംഗയിൽ യാതൊരു മാറ്റങ്ങളും വന്നിട്ടില്ല. ഇപ്പോഴും ഗംഗയിൽ അപകടകരമായ ബാക്ടീരിയകൾ ഉണ്ട്” എന്നും ജയറാം രമേഷ് വ്യക്തമാക്കി.
വാരണാസിയിൽ എട്ടു ഗ്രാമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്തിട്ടുള്ളത്. എന്നാൽ ഈ ഗ്രാമങ്ങളിൽ ഇപ്പോഴും വികസനം എത്തിയിട്ടില്ല. പല ഗ്രാമങ്ങളിലും നല്ല റോഡുകളോ ശുദ്ധജലമോ ഇല്ല. 1955 മുതൽ വാരണാസി റെയിൽവേ സ്റ്റേഷന് സമീപത്തെ 13 ഏക്കർ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സർവ്വ സേവാ സംഘത്തെ കൈവശാവകാശ രേഖകൾ ഇല്ലെന്ന് പറഞ്ഞ് പുറത്താക്കി ആ സ്ഥലം ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തു. ഇക്കാരണങ്ങളാൽ വാരണാസിയിലെ ജനങ്ങൾക്ക് ഇപ്പോൾ മോദിയെ വിശ്വാസമില്ലാത്ത അവസ്ഥയാണ് എന്നും ജയറാം രമേഷ് അഭിപ്രായപ്പെട്ടു.
Discussion about this post