റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 451 റണ്‍സെടുത്ത് ഓസ്‌ട്രേലിയ. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയായിരുന്നു രണ്ടാംദിനം ഓസീസ് ഇന്നിംഗ്‌സിലെ സവിശേഷത. നായകന്‍ സ്റ്റീവന്‍ സ്മിത്ത് 178 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നാലു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കംഗാരുക്കള്‍ക്ക് വേണ്ടി സ്മിത്തും മാക്‌സ്‌വെല്ലും മികച്ച ബാറ്റിംഗാണ് കാഴ്ചവെച്ചത്. ടെസ്റ്റില്‍ ആദ്യശതകം കുറിച്ച മാക്‌സ്‌വെല്‍, സ്മിത്തിനൊപ്പം അഞ്ചാം വിക്കറ്റില്‍ 191 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്. 185 പന്തില്‍ 104 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സാഹ പിടിച്ച് പുറത്താക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡും നായകന് മികച്ച പിന്തുണ നല്‍കി. 37 റണ്‍സെടുത്ത വെയ്ഡിനെയും ജഡേജ പുറത്താക്കി. പിന്നാലെയെത്തിയ പാറ്റ് കമ്മിന്‍സിനെ റണ്ണെടുക്കും മുമ്പ് ജഡേജ ബൗള്‍ഡാക്കി. എട്ടാംവിക്കറ്റില്‍ ഒക്കീഫെയോടൊപ്പം ഒത്തുചേര്‍ന്ന സ്മിത്ത് സ്‌കോര്‍ മുന്നോട്ട് നയിച്ചു. 25 റണ്‍സെടുത്ത ഒക്കീഫെയെ പുറത്താക്കി ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീടെത്തിയ ലിയോണും ഹേസല്‍വുഡും കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ ഓസ്‌ട്രേലിയന്‍ ഒന്നാം ഇന്നിംഗ്‌സ് 451 ല്‍ അവസാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്രജഡേജ അഞ്ചു വിക്കറ്റ് നേടിയപ്പോള്‍, ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തു. അശ്വിന്‍ ഒരു വിക്കറ്റ് നേടി.
Discussion about this post