ഡല്‍ഹി: ആദായ നികുതി അടക്കാതെ കുടിശ്ശിക വരുത്തിയ 29 പേരുടെ പട്ടിക പുറത്തുവിട്ട് ആദായനികുതി വകുപ്പ്. ഇത്രയും പേരില്‍ നിന്ന് 448.02 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. നികുതി അടയ്ക്കാതെ രക്ഷപ്പെടുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 29 പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. വിവിധ ദേശീയമാധ്യമങ്ങളില്‍ നല്കിയ പരസ്യത്തിലൂടെയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
പേര്, വിലാസം, സംരംഭം, ഓഹരി വിവരങ്ങള്‍ തുടങ്ങി നികുതി സംബന്ധമായ സകല വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അവര്‍ എത്ര നികുതി നല്‍കാനുണ്ടെന്നതിന്റെ വിവരങ്ങളും ഉണ്ട്. കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വിവരങ്ങള്‍ പരസ്യമാക്കിയത്.
രാജ്യത്തെമ്പാടുനിന്നുമായി വന്‍തോതില്‍ നികുതി കുടിശ്ശികയുള്ള 67 ആളുകളുടെ പട്ടിക ആദായനികുതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് പിടിച്ചെടുക്കാന്‍ ആസ്തികളൊന്നുമില്ലാത്തതാണ് നടപടികള്‍ വൈകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന തീരുമാനം ആദായനികുതി വകുപ്പ് എടുത്തത്. പേരുകള്‍ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തും.
Discussion about this post