ഡല്‍ഹി: രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടിന് 100 ശതമാനം പിഴ ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുള്‍പ്പെടെ ധനവിനിയോഗ ബില്ലില്‍ 40 ഭേദഗതികള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ചു. കള്ളപ്പണം തടയുന്നതിനും കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
മൂന്നുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണം കൈപ്പറ്റുന്നവര്‍ അത്രതന്നെ തുക പിഴയൊടുക്കേണ്ടി വരുമെന്നായിരുന്നു ഫെബ്രുവരിയില്‍ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രഖ്യാപനം. ഏപ്രില്‍ ഒന്നിന് പുതിയ തീരുമാനം നിലവില്‍ വരാനിരിക്കെയാണ് പരിധി രണ്ട് ലക്ഷമാക്കി കുറയ്ക്കാനുള്ള പുതിയ നിര്‍ദേശം. വ്യവസ്ഥ ലംഘിച്ചാല്‍ ഇടപാടിലുള്‍പ്പെട്ട അത്രയും തുക പിഴയായി ഈടാക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള പണം ഇടപാടിനു കാരണം കാണിച്ചാല്‍ പിഴ ചുമത്തില്ല. ഇക്കാര്യത്തില്‍ ആദായ നികുതി ജോയിന്റ് കമ്മിഷണര്‍ക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാബല്യത്തിലായാല്‍ രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ ചെക്ക് വഴിയോ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയോ നടത്തണം.
നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 31ന് ശേഷം കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിക്കാതിരുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രസംഗത്തില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ മാര്‍ച്ച് 31വരെയാണ് സമയം അനുവദിച്ചിരുന്നത്. മുന്നറിയിപ്പില്ലാതെ നോട്ട് നിക്ഷേപിക്കുന്നതിനുള്ള സമയം വെട്ടിക്കുറച്ചതെന്തിനെന്ന് കോടതി ചോദിച്ചു. അടുത്ത മാസം 11നകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദ്ദേശം. പ്രവാസികള്‍ക്ക് നോട്ട് നിക്ഷേപിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു അറ്റോണി ജനറല്‍ മുകുള്‍ റോത്തക്കിയുടെ വിശദീകരണം. ഇക്കാര്യം നേരത്തെ വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
Discussion about this post