തിരുവനന്തപുരം: ട്രോളുകള്‍ക്കെതിരെ നിലപാടു കടുപ്പിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിക്കുന്ന ട്രോളിങ് സൈറ്റുകള്‍ക്ക് കേരള പോലീസിന്റെ സൈബര്‍വിഭാഗം മുന്നറിയിപ്പു നല്കി. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന തരത്തിലുള്ള പ്രചാരണം തുടര്‍ന്നാല്‍ കര്ശനനടപടിയെന്ന മുന്നറിയിപ്പാണ് സൈബര്‍സെല്‍ നല്‍കുന്നത്. വിവരസാങ്കേതികനിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
കേരള പോലീസ് നിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും അനുസരിച്ച് ട്രോളുകള്‍ കുറ്റകരമാണെന്ന് ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ അറിയിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോളുകള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇത്തരം പോസ്റ്റുകള്‍ ഇടരുത്. ഈ നിര്‍ദേശം ലംഘിക്കുന്നതിനെ ഗൗരവത്തോടെ കാണും. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പു നല്‍കുന്നതെന്നും പോലീസ് വിശദീകരിക്കുന്നു.
ഇതിനിടെ, പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് സൈറ്റുകളില്‍ ട്രോളുകള്‍ വ്യാപകമായി. പോലീസ് മുന്നറിയിപ്പിനെ പരിഹസിച്ചും നിരവധി ട്രോളുകള്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു.
Discussion about this post