മുംബൈ; നിരക്ക് വർദ്ധനവ് നടപ്പിലാക്കാൻ ഒരുങ്ങി രാജ്യത്തെ ടിവി ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ. പരസ്യവരുമാനത്തിലെ ഇടിവും ഉള്ളടക്കത്തിന് വേണ്ടിയുള്ള ചെലവ് വർദ്ധനവും കണക്കിലെടുത്താണ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
ഇതോടെ രാജ്യത്തെ ഡിടിഎച്ച്,കേബിൾ നെറ്റ് വർക്ക് ഓപ്പറേറ്റർമാർ ഉപയോക്താക്കളിൽ നിന്ന് ഈടാത്തുന്ന നിരക്ക് ഉയർത്തിയേക്കും. രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂടിവരുന്നതിനിടെയാണ് ടിവി ബ്രോഡ്കാസ്റ്റേഴ്‌സ് സംയുക്തമായി നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. പുതിയ നിരക്ക് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
ടെലിവിഷൻ ഉള്ളടക്കത്തിനായുള്ള ചെലവ് കുത്തനെ ഉയരുന്നുണ്ടെന്നാണ് ബോഡ്കാസ്റ്റിംഗ് അസോസിയേഷൻ വ്യക്തമാക്കുന്നത്. പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കുത്തനെ കുറയുകയാണെന്നും ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിക്കാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ടിവി ബ്രോഡ്കാസ്റ്റർമാരായ സോണി പിക്ചേഴ്‌സ് നെറ്റ്വർക്ക് ഇന്ത്യയും (എസ്പിഎൻഐ) സീ എന്റർടൈൻമെന്റ് എന്റർപ്രൈസസും (സീൽ) ചാനൽ പാക്കേജുകളുടെ വിലയിൽ 10 ശതമാനത്തിലധികം വർധനവ് പ്രഖ്യാപിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ജിയോ സ്റ്റാറും നിരക്ക് വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. സോണി പിക്ചേഴ്‌സ് നെറ്റ്വർക്ക് അവരുടെ ഹാപ്പി ഇന്ത്യ സ്മാർട്ട് ഇന്ത്യ പാക്കേജ് നിരക്ക് 48 രൂപയിൽ നിന്നും 54 രൂപയാക്കും. സീ എന്റർടെയിൻമെന്റ് ഫാമിലി പാക്ക് ഹിന്ദി എസ്ഡി 47 രൂപയിൽ നിന്ന് 53 രൂപയാക്കും. ഇതോടൊപ്പം ഇംഗ്ലീഷ് എന്റർടെയിൻമെന്റ് ചാനൽ സി കഫേ ഈ പാക്കിൽ കൂട്ടിച്ചേർക്കും.
Discussion about this post