ഡല്‍ഹി: അടുത്ത ആറുമാസത്തേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ സ്വീകരിക്കേണ്ടെന്ന് തീരുമാനമെടുത്ത് ബിജെപി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം എല്ലാ സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ക്കും ബിജെപി കേന്ദ്രനേതൃത്വം അയച്ചുകൊടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട് മറ്റ് പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കളാണ് ബിജെപിയില്‍ ചേരാന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അപേക്ഷകള്‍ നിരന്തരം വരുന്നതിനെ തുടര്‍ന്നാണ് പുതിയ അറിയിപ്പ് വരുന്നതുവരെ ആറുമാസത്തേക്ക് മറ്റുള്ളവരെ പാര്‍ട്ടിയിലെടുക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചത്.
അതേസമയം സാധാരണ ജനങ്ങള്‍ക്ക് മിസ്ഡ് കോളില്‍ കൂടി പാര്‍ട്ടി അംഗത്വം നേടാന്‍ സാധിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അധികാരത്തിലുള്ള പാര്‍ട്ടിയില്‍ ചേരാനെത്തുന്നവര്‍ അവസരവാദികളാകുമെന്നും പാര്‍ട്ടിയുടെ അധികാരത്തിന്റെ സ്വാധീനം അനുഭവിക്കുന്നതിനും വേണ്ടിയാണ് അവര്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിക്കുന്നതെന്നുമാണ് പാര്‍ട്ടി നിലപാട്. ഇത്തരക്കാര്‍ക്ക് അംഗത്വം നല്‍കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ധാര്‍മിക ബോധം ചോദ്യംചെയ്യപ്പെടുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
Discussion about this post