ലാഹോര്‍: മതം മാറിയാല്‍ കുറ്റവിമുക്തരാക്കാമെന്ന് ക്രൈസ്തവ വിശ്വാസികളായ 42 പ്രതികളോട് ലാഹോറിലെ പബ്ലിക് പ്രോസിക്യൂട്ടര്‍. ഇസ്ലാം മതത്തിലേക്ക് മാറാനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികളോട് പറഞ്ഞത്. 2015 മാര്‍ച്ചില്‍ യോഹനബാദില് രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട് നടന്ന മര്‍ദനത്തിനിടെ രണ്ടു പേര് മരിച്ച കേസില്‍ വിചാരണ നേരിടുന്ന 42 പ്രതികള്‍ക്കാണ് ഈ വാഗ്ദാനം ലഭിച്ചത്. ഡപ്യൂട്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ സയീദ് അനീസ് ഷായാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. പാക് പത്രമായ ദി എക്സ്പ്രസ് ട്രിബ്യൂണാണ് പ്രോസിക്യൂട്ടറുടെ വാഗ്ദാന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കൊല്ലപ്പെട്ട രണ്ടു പേര്‍ക്കും ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം ഇവരെ തല്ലിക്കൊന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസുണ്ടായിരുന്നെങ്കിലും 42 പേരാണ് പിടിയിലായത്. ഭീകരവിരുദ്ധകോടതിയിലാണ് കേസ് നടക്കുന്നത്. വലത് സന്നദ്ധപ്രവര്‍ത്തകനായ ജോസഫ് ഫ്രാന്‍സിയാണ് പ്രതികള്‍ക്കായി ഹാജരാകുന്നത്. പ്രതികള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നതായി പ്രോസിക്യൂട്ടര്‍ അറിയിച്ചതായി ഫ്രാന്‍സി വെളിപ്പെടുത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികളില്‍ ചിലര്‍ ഇത് സമ്മതിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമ വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നാരോപിച്ച് പാകിസ്ഥാനില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post