ഇടുക്കി: ഇടുക്കിയില്‍ സിപിഎം നേതാവ് മുക്ത്യാര്‍ ഉപയോഗിച്ച് ആദിവാസികളില്‍ നിന്ന് ഭൂമി തട്ടിയെടുത്തതായി ആരോപണം. സിപിഎം നേതാവായ ജോണ്‍ ജേക്കബ് നേതൃത്വം നല്കുന്ന പെരുമ്പാവൂര്‍ ആസ്ഥാനമായ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് കൊട്ടക്കാമ്പൂരില്‍ ഭൂമി തട്ടിപ്പ് നടത്തിയത്. പെരുമ്പാവൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലറായ ജോണ്‍ ജേക്കബിന്റെ കമ്പനിയാണിത്.
റോയല്‍ കമ്പനി ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആദിവാസികളും കര്‍ഷകരുമായ 15 പേര് ജോണ്‍ ജേക്കബിന്റെ ബിനാമികള്‍ക്ക് ഭൂമിയുടെ മുക്ത്യാര്‍ എഴുതി നല്‍കിയിരുന്നു. കമ്പനി ആരംഭിച്ച ഉടന്‍ ബിനാമികള്‍ ദേവികുളം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് മുഴുവന്‍ ഭൂമിയും കമ്പനിയുടെ പേരില്‍ എഴുതി നല്കി. 1964-ലെ കേരള ഭൂപതിവ് നിയമത്തിലോ കൃഷിവകുപ്പ് അംഗീകരിച്ച കൃഷി എന്ന നിര്‍വചനത്തിലോ തോട്ടവിള കൃഷി എന്ന നിര്‍വചനത്തിലോ ഉള്‍പ്പെടാത്ത ഗ്രാന്‍ഡീസ് കൃഷിയാണ് ഇവിടെ നടത്തുന്നത്. ജോയ്സ് ജോര്‍ജ് എംപി നടത്തിയ തട്ടിപ്പിന് സമാനമായ വിധത്തിലാണ് ഇവിടേയും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ലാന്‍ഡ് അസൈന്മെന്റ് അസി.കമ്മീഷണര്‍ ഡോ.ടി.സജിത് ബാബുവിന്റേയും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്റേയും റിപ്പോര്‍ട്ടില്‍ കയ്യേറ്റം നടന്നതായി പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. രാഷ്ട്രീയക്കാരാണ് ഇടുക്കിയില്‍ ഭൂമി കയ്യേറിയതില്‍ കൂടുതലും.
1999-ല്‍ കൊട്ടക്കമ്പൂരിലെ സാധാരണക്കാര്‍ക്ക് നാലേക്കര്‍ ഭൂമി വീതം പട്ടയം നല്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. അന്ന് പല ആളുകളേയും ഉപയോഗിച്ച് ജോണ്‍ ജേക്കബിന്റെ കമ്പനി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുട്ടികള്‍ക്കും ജനിക്കാത്തവര്‍ക്കും വരെ പട്ടയം നല്കിയതും ഒരു കുടുംബത്തിലെ ഭാര്യക്കും ഭര്‍ത്താവിനും പട്ടയം ലഭിച്ചതുമായ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
2004ലാണ് 15 പേര് കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് മുക്ത്യാര്‍ വഴി കമ്പനിയുടെ ബിനാമികള്‍ക്ക് കൈമാറുന്നത്. ഇതിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് റോയല്‍ അഗ്രിക്കള്‍ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്യുന്നത്. 15 പേര് ഒരുമിച്ച് ഇടുക്കി ജില്ല് പുറത്തുള്ള ഒരു കമ്പനിക്ക് എഴുതിക്കൊടുത്തതിലെ അസ്വാഭാവികതയാണ് ഇനി പുറത്തുവരേണ്ടത്.
Discussion about this post