തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന ഹര്‍ത്താല്‍. ബിജെപിയും യുഡിഎഫും ആണ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറമണിവരെയാണ് ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് അനിശ്ചിത കാല സമരത്തിനെത്തിയ അമ്മ മഹിജയേയും ബന്ധുകളെയും പോലീസ് തടയുകയും ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളടക്കമുളളവര്‍ ഉയര്‍ത്തുന്നത്. ഒരിക്കലും ന്യായീകരിക്കാനാവാത്ത നടപടിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.
അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പൊലീസ് നടപടിയെ വിശേഷിപ്പിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് എസിപിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ പറഞ്ഞു. പേരൂര്‍ക്കടയിലെ ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു രാജഗോപാലിന്റെ പ്രതികരണം. ജനാധിപത്യ പ്രതിഷേധത്തെ അനുവദിക്കേണ്ട ഇടം തന്നെയാണ് ഡിജിപിയുടെ ഓഫിസിന് മുമ്പിലുളള സ്ഥലമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എ്ത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇവര്‍ക്ക് മര്‍ദനമേറ്റതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുളള ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Discussion about this post