തിരുവനന്തപുരം: തങ്ങളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണവുമായി ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് രംഗത്ത്. ഒരു ഉന്നതന് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ശ്രീജിത്ത് പറയുന്നു.
ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ മാതാപിതാക്കലെയും ബന്ധുക്കളെയും പോലീസ് മര്‍ദ്ദിക്കുകയും മറ്റും ചെയ്തതിനെ തുടര്‍ന്ന് അമ്മയും അമ്മാവവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഒരു ഉന്നതന് ഫോണില്‍ വിളിച്ചതെന്ന് ശ്രീജിത്ത പറയുന്നു.
അതേസമയം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ഡിജിപിയുടെ ഓഫിസിന് മുമ്പില്‍ വീണ്ടും സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം തുടങ്ങും.
അതേസമയം ഐജി മനോജ് എബ്രഹാം പൊലീസ് നടപടിയെക്കുറിച്ച് ഇന്ന് അന്തിമ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസുകാര്‍ക്കെതിരെയുളള നടപടി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജിഷ്ണുവിന്റെ ജന്മനാടായ വളയത്തുനിന്നുമുളള വീട്ടമ്മമാരും നിരാഹാരം അനുഷ്ടിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജിഷ്ണുവിന്റെ വീട്ടില്‍ നിരാഹാരം അനുഷ്ഠിക്കുന്ന സഹോദരി അവിഷ്ണയെയും ബന്ധുക്കളെയും പോലിസ് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ മുതല്‍ അവിഷ്ണ വീട്ടില്‍ നിരാഹാര സമരത്തിലാണ്. നാദാപുരം ഡിവൈഎസ്പി ജിഷ്ണുവിന്റെ വീട്ടിലെത്തി.
Discussion about this post