ഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ തിരുവനന്തപുരം പോലിസ് ആസ്ഥാനത്ത് നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജെ.എന്‍യുവില്‍ കേരള പൊലീസിന്റെ കോലം കത്തിച്ചു. കാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് ആണ് കോലം കത്തിച്ചത്. ഇന്നലെ രാത്രി 9:30 ന് ക്യാമ്പസിനകത്തുള്ള സബര്‍മതി ഡാബയ്ക്കടുത്താണ് പ്രതിഷേധം അരങ്ങേറിയത്.
എ.ഐ.എസ്.എഫ് ജെ.എന്‍.യു ജോയിന്റ് സെക്രട്ടറി ജയന്ത് ജിഗ്യാസ്, പ്രദീപ് നര്‍വ, അമീര്‍ (BASO) എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ദേശദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്യപെട്ട ഉമര്‍ ഖാലിദിന്റെയു, അനിര്‍ബാന്‍ ബട്ടാചാര്യയുടെയും നേതൃത്വത്തില്‍ രൂപീകരിക്കപെട്ട സംഘടനയാണ് BASO (Bhagat Singh Ambedkar Students’ Organisation). നജീബിന്റെയും രോഹിത് വെമുലയുടെയും അമ്മമാര്‍ക്കെതിരെ നടന്ന രീതിയിലുള്ള പോലീസ് ആക്രമണം ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലായിരുന്നെന്നും ജനാധിപത്യ രീതിയില്‍ പോലീസിനെ സജ്ജമാക്കാന്‍ ഇടതുപക്ഷ ഗവണ്മെന്റ് തയ്യാറാവണമെന്നും ജയന്ത് അഭിപ്രായപെട്ടു.
ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് AISF പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജയന്ത് പറഞ്ഞു. സംഭവത്തില്‍ ജെ.എന്‍.യുവിലെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയായ DSF (Democratic Student Federation) ഉം പ്രതിഷേധം സംഘടിപ്പിച്ചു.
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വിട്ട് വന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് DSF. ജെ.എന്‍.യു മുന്‍ പ്രസിഡന്റ് ലെനിന്‍ കുമാര്‍, ശരത്, പ്രതിം ഘോഷാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബദലായി അധികാരത്തില്‍ വന്ന സര്‍ക്കാറില്‍ നിന്നും ഇത്രയും ജനവിരുദ്ധമായ നടപടികള്‍ പ്രതീക്ഷ നഷ്ടപെടുത്തുന്നതായി ശരത് അഭിപ്രായപെട്ടു. സ്വാശ്രയ ലോബിക്കെതിരെ നടപടി എടുക്കേണ്ട സര്‍ക്കാര്‍ സമരസപെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പൊരുതേണ്ട കേരളത്തിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ മൗനം പാലിക്കുകയാണെന്നും ശരത്ത് പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. പിണറായിയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞത് പുറത്തുനിന്നുള്ള ചിലര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയെന്നും അവര്‍ പ്രശ്‌നമുണ്ടാിക്കിയെന്നുമാണ്. അങ്ങനെ പുറത്തുനിന്നുള്ളവര്‍ എത്തിയിരുന്നെങ്കില്‍ തന്നെ അത് തടയേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടായിരുന്നു.
സംഭവത്തില്‍ പൊലീസിനെതിരായി മുഖ്യമന്ത്രി ഉടന്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് പൊലീസിനെ ന്യായീകരിക്കുന്ന പ്രസ്താവനയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ലജ്ജാകരമായിരുന്നെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ അറിയിച്ചു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ വീഴ്ചകളാണെന്നും എ.ഐ.എസ്.എഫ് പറയുന്നു. ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും എ.ഐ.എസ്.എഫ് അക്കമിട്ട് നിരത്തുന്നു.
മാവോയിസ്റ്റ് നേതാക്കളായ അജിത, കുപ്പുദേവരാജ് കൊലപാതവും കമല്‍ സി ചവറ, നദീര്‍ തുടങ്ങിയവര്‍ക്കെതിരായ നടപടിയും ജിഷ കൊലക്കേസും ഫൈസല്‍ വധക്കേസും കാസര്‍ഗോട്ടെ മദ്രാസാധ്യാപകന്റെ കൊലപാതകവും കേരളപൊലീസിനുമേല്‍ പിണറായി വിജയന് നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഫലമാണെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കുന്നു.
Discussion about this post