തിരുവനന്തപുരം: നെഹ്റു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി ദിനപത്രങ്ങളില്‍ പരസ്യം നല്കി പിആര്‍ഡി. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു എന്നത് പ്രചരണമാണ് എന്ന് വിശദീകരിച്ചാണ് പരസ്യം. ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിലാണ് സംസ്ഥാന പിആര്‍ഡി വകുപ്പ് പരസ്യം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് എന്നതാണ് സത്യമെന്നും എന്നാല്‍ സത്യങ്ങളാകെ തമസ്കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പരസ്യത്തില്‍ പറയുന്നു.
നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഈ അന്വേഷണത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും മറ്റ് ബന്ധുക്കളും തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും പരസ്യത്തിലുണ്ട്. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഒരു സംഘം അഴിച്ചു വിടുന്നത്. എന്നാല്‍ ഇങ്ങനൊന്നും നടന്നിട്ടില്ല. നടന്നതായുള്ള ഒരു ദൃശ്യവും ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. നിലത്തിരിക്കുന്ന അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിക്കുന്നത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പരസ്യം നായീകരിക്കുന്നു.
Discussion about this post