കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനു നേരെ പോലീസ് ആസ്ഥാനത്ത് ഉണ്ടായ പൊലീസ് നടപടിയെ വിമര്‍ശിച്ച് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജ. ജിഷ്ണുവിന്റെ അമ്മ മഹിജയേയും കുടുംബത്തേയും അപമാനിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആനിരാജ പറഞ്ഞു. പൊലീസുകാര്‍ ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നില്‍ക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പൊലീസ് നടപ്പിലാക്കുന്നത് ഇടതു സര്‍ക്കാരിന്റെ നയമാണോ എന്നത് പരിശോധിച്ച് ഉറപ്പാക്കണം. സാധാരണക്കാര്‍ക്ക് പ്രവേശനം ഇല്ലാതിരിക്കാന്‍ ഡിജിപിയുടെ ഓഫീസ് ശ്രീകോവിലാണോ? പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം സമീപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആനിരാജ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജയേയും കുടുംബത്തേയും പൊലീസ് ആസ്ഥാനത്ത് വെച്ച് ആക്രമിച്ചതില്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ജിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ജിഷ്ണുവിന്റെ കുടുംബം.
സംഭവത്തില്‍ വിമര്‍ശനവുമായി നേരത്തെ സിപിഐ ജില്ലാ സെക്രട്ടറി കാനം രാജേന്ദ്രനും എത്തിയിരുന്നു. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ഇന്ന് പരസ്യം നല്‍കിയിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു എന്നത് പ്രചരണമാണ് എന്ന് വിശദീകരിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം.
Discussion about this post