ഡല്‍ഹി: സര്‍വ്വീസിലിരിക്കുമ്പോള്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായമെത്തിക്കാനുള്ള വെബ്സൈറ്റ് അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്നുമാസം മുന്‍പ് അക്ഷയ് കുമാറാണ് ഇങ്ങനെയൊരു ആശയം ആഭ്യന്തര മന്ത്രാലയത്തിനു മുന്നില്‍ അവതരിപ്പിച്ചത്. സിആര്‍പിഎഫ് ധീരത ദിനത്തില്‍ bharatkeveer.gov.in എന്ന വെബ്സൈറ്റ് അക്ഷയ് കുമാറിന്റെ സാന്നിധ്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു.
വെബ്സൈറ്റ് വഴി കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 15 ലക്ഷം രൂപവരെ സഹായം നല്‍കാം. സേനയിലെ സഹായം ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ക്കും വെബ്സൈറ്റ് വഴി സഹായം നല്‍കാനുള്ള അവസരവുമുണ്ട്. സുക്കുമയിലെ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പതിനൊന്ന് സൈനികരുടെ കുടുംബത്തിന് പരിപാടിയില്‍ പങ്കെടുത്ത അക്ഷയ് കുമാര്‍ 1.09 കോടി രൂപ സംഭാവന നല്കി. താനിന്ന് നിങ്ങളുടെ മുന്നില്‍ ഒരു നടനായല്ല മറിച്ച് ഒരു പട്ടാളക്കാരന്റെ മകനായാണ് നില്‍ക്കുന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.
സൈന്യത്തിന് വേണ്ടി രക്തസാക്ഷിയായ ജവാന്മാരുടെ കുടുംബത്തിന് ചുരുങ്ങിയത് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് രാജ്നാഥ് സിങ്ങ് പറഞ്ഞു. നിലവില്‍ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ കുടുംബത്തിന് സാഹചര്യം കണക്കിലെടുത്ത് 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് നല്കി വരുന്നത്. ഇത് ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.
പോര്‍ട്ടല്‍ വഴി സിആര്‍പിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ സേനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സഹായം നല്‍കാം.
Discussion about this post