മാധവിക്കുട്ടിയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന സിനിമയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാ ബാലന്‍. റോള്‍ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമില്ലെന്നും വിദ്യാ ബാലന്‍ വിശദീകരിക്കുന്നു. ‘മാധവിക്കുട്ടിയായി അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും സിനിമയും വികസിച്ച് വന്നില്ല’ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകന്‍ പ്രോജക്ടുമായി സമീപിച്ചപ്പോള്‍ത്തന്നെ കരാര്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞുവെന്ന് വിദ്യ പറയുന്നു. പ്രതീക്ഷിച്ച രീതിയില്‍ എന്റെ കഥാപാത്രവും മൊത്തത്തില്‍ സിനിമയും വികസിച്ചുവന്നില്ല. തുടര്‍ന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടായി. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും അവര്‍ പറഞ്ഞു. പിന്മാറ്റത്തില്‍ രാഷ്ട്രീയമില്ലെന്ന് വിദ്യ നേരത്തെ പറഞ്ഞിരുന്നു.
മാധവികുട്ടിയുടെ ജീവിതകഥ കമല്‍ ആവിഷക്കരിക്കുന്നത് സത്സന്ധമാണോ എന്ന ചോദ്യം ഉയര്‍ത്തി ചര്‍ച്ചകള്‍ നടന്നിരുന്നു. തിരക്കഥയിലുള്ള അഭിപ്രായവ്യത്യാസം മൂലം വിദ്യാ ബാലന്‍ പിന്മാറിയത് ഇത്തരം വിമര്‍ശനങ്ങള്‍ ശരിവെക്കുന്നതാണ് എന്നാണ് മറ്റൊരു അഭിപ്രായം.
വിദ്യാബാലന്‍ പിന്മാറിയതിനെ തുടര്‍ന്ന് മഞ്ജു വാര്യരാണ് മാധവികുട്ടിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്.
Discussion about this post