ലക്നൗ: യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ വീട്ടില്‍ വൈദ്യുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മുലായത്തിന്റെ വസതിയില്‍ വൈദ്യുതി ഉപയോഗത്തില്‍ ക്രമക്കേട് കണ്ടെത്തി. അനുവദിച്ചതിനെക്കാള്‍ എട്ടിരട്ടിയോളം അധികവൈദ്യുതി മുലായത്തിന്റെ ആഢംബര വസതിയില്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്.
മുലായത്തിന്റെ ഇറ്റാവയിലെ വസതിയിലാണ് അനുവദിച്ചതിലും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഒരു ഡസനിലധികം മുറികളുളള ഇറ്റാവയിലെ തന്നെ ഏറ്റവും വലിയ വീടാണ് മുലായത്തിന്റേത്. വീടിനായി മാത്രം നിര്‍മ്മിച്ച എയര്‍കണ്ടീഷനിംഗ് പ്ലാന്റ്, താപ നിയന്ത്രിത നീന്തല്‍ കുളം, എലവേറ്ററുകള്‍ തുടങ്ങിവയും മുലായത്തിന്റെ ആഡംബര വസതിയിലുണ്ട്.
അനുവദിച്ചിരുന്ന 5 കിലോവാട്ട് വൈദ്യുതിയെക്കാള്‍ എട്ടിരട്ടിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നാലു ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് മുലായം അടച്ചിട്ടില്ലെന്നും റെയ്ഡില്‍ കണ്ടെത്തി.
ബില്‍ തുക അടക്കാന്‍ ഈ മാസം അവസാനം വരെ മുലായത്തിന് സാവകാശം അനുവദിച്ചിട്ടുണ്ട്. മാസം ഉപയോഗിക്കാവുന്ന വൈദ്യുതിയുടെ അളവ് 40 കിലോവാട്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് വരെ ഉപയോഗിച്ചതിനുള്ള പണം പൂര്‍ണമായും അടക്കാനും മുലായത്തിനോട് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വൈദ്യുതി മോഷണവും അമിത ഉപയോഗവും കണ്ടെത്തുന്നതിനാണ് റെയ്ഡെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റെയ്ഡ് നടക്കുന്ന സമയം മുലായം ലക്നൗവിലായിരുന്നു. വിഐപി സംസ്കാരം അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നോടിയായാണ് യുപി സര്‍ക്കാരിന്റെ നടപടി.
Discussion about this post