തലശ്ശേരി: എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്ന് ലിബര്‍ട്ടി ബഷീര്‍ രാജിവെച്ചു. നാല് മാസങ്ങളായി തന്റെ ആറോളം തിയേറ്ററുകളില്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും സംഘടനയില്‍നിന്ന് യാതൊരു പിന്തുണയും സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് ബഷീറിന്റെ രാജി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കോര്‍ കമ്മറ്റി യോഗത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
ഇനി മുതല്‍ പ്രൊഡ്യൂസര്‍മാരുമായി സഹകരിച്ച് സിനിമകള്‍ റിലീസ് ചെയ്യാനുള്ള ശ്രമമാണ് ബഷീര്‍ നടത്തുക. ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്, ബാഹുബലി എന്നിവ തന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ബാഹുബലി റിലീസ് ദിവസം മുതല്‍ പ്രദര്‍ശനം നടത്തും.
തിയേറ്റര്‍ ഉടമകളുടെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതെ നിര്‍മ്മാതാക്കളും വിതരണക്കാരും സമരം പ്രഖ്യാപിച്ചു. പിന്നീട് നടന്‍ ദിലീപ് ഇടപെട്ട് തിയേറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന ഉണ്ടാക്കുകയും ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ നടന്നുവന്ന സമരം പൊളിക്കുകയും ചെയ്തു.
എന്നാല്‍, പിന്നീട് ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകള്‍ക്ക് സിനിമകള്‍ ലഭിക്കാതെയായി. തിയേറ്റര്‍ പൊളിച്ച് നീക്കി ഷോപ്പിംഗ് കോംപ്ലെക്‌സ് കെട്ടുന്നതിനെക്കുറിച്ച് പോലും ബഷീര്‍ ആലോചിച്ചിരുന്നു. ആറു തിയേറ്ററും 70 ഓളം സ്റ്റാഫുകളുമുള്ള ലിബര്‍ട്ടി ബഷീറിന് പ്രദര്‍ശിപ്പിക്കാന്‍ സിനിമ ലഭിക്കാതെ വന്നതോടെ വലിയ പ്രതിസന്ധിയായിരുന്നു നേരിടേണ്ടി വന്നത്.
Discussion about this post