മൂന്നാര്‍: ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പെമ്പിളൈ ഒരുമൈയെ കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണ്. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ എന്നാണ് പറഞ്ഞത്. അതില്‍ ആര്‍ക്കെങ്കിലും മനോവേദനയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് കുറിപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രി സ്ഥാനം രാജി വെക്കില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയത്. അതോടെ ആ അധ്യായം അവസാനിച്ചു. സമരത്തിലിരിക്കുന്നവരുടെ മുന്നില്‍ വന്ന് മാപ്പു പറയാനൊന്നും പറ്റില്ല. അവര്‍ അവിടെ ഇരുന്നോട്ടെ ആര്‍ക്കും അതില്‍ ഒരു കുഴപ്പവുമില്ല. മാധ്യമങ്ങള്‍ എന്നും എന്നെ വേട്ടയാടുകയാണ്. ഞാന്‍ പൊതു പ്രവര്‍ത്തനം നടത്തുന്നതിനാല്‍ നിങ്ങള്‍ എങ്ങനെ നാറ്റിച്ചാലും എന്റെ യശസ്സ് ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും മണി പറഞ്ഞു.
ഇന്നത്തെ ഹര്‍ത്താല്‍ അനാവശ്യമാണ്. താന്‍ ഒരു സ്ഥലത്ത് പൊമ്പിളൈ ഒരുമൈ എന്ന വാക്ക് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. സ്ത്രീകളെ മോശമായി പറഞ്ഞിട്ടില്ല. അവര്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറാന് താന്‍ ആവശ്യപ്പെടില്ല. സമരത്തിനിരുത്തിയവര് തന്നെ സമരം അവസാനിപ്പിക്കട്ടെയെന്നും മണി പറഞ്ഞു.
താന്‍ ഭൂമി കൈയേറി എന്ന നിലയിലാണ് വാര്‍ത്തകള്‍ വരുന്നത്. മാധ്യമങ്ങളും ഭരണത്തിലെ ചിലരും ഇതിന് പ്രചാരണം നല്കുന്നു. ഞാന്‍ അര്‍ഹതയില്ലാത്ത ഒന്നും ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കും മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ.സുരേഷ് കുമാറിനുമെതിരെ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു. സുരേഷ് കുമാര്‍ വഴിവിട്ട് പോയപ്പോള്‍ എതിര്‍ത്തിരുന്നു. മൂന്നാറില്‍ 65 വര്‍ഷത്തോളമായി കഴിയുന്നു. ഭൂമി കൈയ്യേറാനാണെങ്കില് അന്നേ ആകാമായിരുന്നുവെന്നും മണി പറഞ്ഞു.
Discussion about this post